തിരുവനന്തപുരം: മില്‍മയില്‍ സംഭരണ ശേഷിയേക്കാള്‍ അധികം പാല്‍. പ്രതിസന്ധി പരിഹരിക്കന്‍ റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന സൗജന്യ കിറ്റില്‍ 100 ഗ്രാം നെയ്യും 200 ഗ്രാം പാല്‍പ്പൊടിയും കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മില്‍മ.
മലബാര്‍ മേഖലാ യൂണിയനില്‍ ശരാശരി ഒരു ദിവസം ഒന്നേകാല്‍ ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ അധികമായി സംഭരിക്കുന്നുണ്ട്. എറണാകുളം മേഖലയില്‍ ഇപ്പോള്‍ വിതരണത്തിനാവശ്യമായ മുഴുവന്‍ പാലും അവിടെ തന്നെ സംഭരിക്കുന്നു. തിരുവനന്തപുരത്തെ സംഭരണത്തിന്റെ കുറവ് മലബാര്‍ മേഖലയില്‍ നിന്നും നികത്തുന്നു.
തിരുവനന്തപുരം മേഖലയില്‍ ദിവസം ശരാശരി 40,000 ലിറ്റര്‍ പാലിന്റെ കുറവാണ് സംഭരണത്തിലുള്ളത്. പ്രതിദിനം 5000 ലിറ്റര്‍ കര്‍ണ്ണാടക ഫെഡറേഷനില്‍ നിന്നും സംഭരിക്കുമ്പോള്‍ ബാക്കി മലബാര്‍ മേഖലാ യൂണിയനില്‍ നിന്നും സംഭരിച്ച് പ്രതിസന്ധി പരിഹരിക്കുന്നു. ഇതൊക്കെ കഴിഞ്ഞിട്ടാണ് ഒന്നര ലക്ഷം ലിറ്റര്‍ അധികമായി വരുന്നത്. കൊറോണ വ്യാപനവും നിയന്ത്രണങ്ങളുമാണ് മില്‍മയെ ഇത്രയധികം പ്രതിസന്ധിയിലാക്കിയത്. ഹോട്ടലുകളുടെ പ്രവര്‍ത്തനവും മറ്റ് ആഘോഷ പരിപാടികളും കുറഞ്ഞത് മില്‍മയെ കാര്യമായി ബാധിച്ചു. അധികമായി സംഭരിക്കുന്ന മുഴുവന്‍ പാലും വിതരണം ചെയ്യാന്‍ സാധിക്കാത്തത് മില്‍മയെ വളരെ അധികം പ്രതിസന്ധി യിലാക്കുന്നുണ്ട്.
ഇത് ഭീമമായ നഷ്ടത്തില്‍ എത്തിക്കും. എന്നാല്‍ ഇപ്പോഴും തമിഴ്‌നാട്ടില്‍ നിന്ന് സ്വകാര്യ കമ്പനികളുടെ പാല്‍ വരുന്നുണ്ട്. ഇതിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല.
ആരോഗ്യ പരിരക്ഷ പദ്ധതി വഴി അങ്കണവാടികളിലേക്ക് മില്‍മ പാല്‍ നല്‍കുന്നുണ്ട്. 90 ദിവസം വരെ കേടുകൂടാതെ ഇരിക്കുന്ന രീതിയിലാണ് ഈ പാല്‍ തയാറാക്കുന്നത്. തുടക്കത്തില്‍ മലബാറില്‍ ആരംഭിച്ച ഈ പദ്ധതി ഇപ്പോള്‍ എറണാകുളം ജില്ല വരെ എത്തി നില്‍ക്കുന്നു. ഈ പദ്ധതി സംസ്ഥാന വ്യാപകമാക്കാനും
മില്‍മ ലക്ഷ്യമിടുന്നു. കൂടാതെ മില്‍മ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വില്‍പ്പന നടത്താനും ലക്ഷ്യമിടുന്നുണ്ട്. പ്രതിസന്ധി സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെന്ന് മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍മാസ്റ്ററും മേഖലാ യൂണിയന്‍ ചെയര്‍മാന്‍മാരായ കല്ലട രമേശും ജോണ്‍ തെരുവത്തും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: