ഉദുമ: നാടന്‍ കോഴികള്‍ക്ക് ഡിമാന്റ് വര്‍ധിച്ചതോടെ ഗ്രാമങ്ങളില്‍ കോഴി വളര്‍ത്തല്‍ തിരിച്ചുവരുന്നു. നാടന്‍ കോഴി വളര്‍ത്തല്‍ തൊഴിലായി സ്വീകരിച്ച യുവാക്കള്‍ വര്‍ധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വാട്സ് ആപ്പ്, ഫെയ്സ് ബുക്ക് കൂട്ടായ്മകളുമുണ്ട്.
കാസര്‍കോടന്‍ അതിര്‍ത്തിഗ്രാമങ്ങളില്‍നിന്ന് ലക്ഷണമൊത്ത പൂവനെതേടി മലയോര ഗ്രാമപ്രദേശങ്ങളിലേക്ക് ആളുകള്‍ എത്തുന്നത് പുതുമയല്ല. കോഴിക്കെട്ടിന്റെ കേന്ദ്രമാണ് കാസര്‍കോട്. സര്‍ക്കാര്‍ പദ്ധതികളായ കാട വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍ എന്നിവയില്‍നിന്ന് ചെറുകിട കര്‍ഷകര്‍ പിന്മാറാന് തുടങ്ങുന്നതിനു കാരണം കോഴിത്തീറ്റയുടെ വില വര്‍ധനവാണ്.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഇത്തരം ചെറുകിട കാര്‍ഷിക വൃത്തിയിലേക്ക് തിരിയാന്‍ യുവാക്കളെ പ്രേരിപ്പിച്ചു. മുട്ടയിടാനായ നാടന്‍ പിടക്കോഴി ഒന്നിന് 800 രൂപയോളം വില ലഭിക്കും. നാടന്‍ കോഴി മുട്ടയ്ക്കും മാര്‍ക്കറ്റില്‍ നല്ല ഡിമാന്റുണ്ട്. പത്തു രൂപയാണ് മുട്ടയുടെ വില. സാധാരണ കോഴിമുട്ടയെക്കാളും മൂന്ന് രൂപ കൂടുതല്‍ ലഭിക്കുന്നു. വീട്ടിലെ ഭക്ഷണാവശിഷ്ടവും അല്പം കോഴിത്തീറ്റയും ഗോതമ്പും കിട്ടിയാല്‍ മതി. കോഴി വളര്‍ത്തല്‍ നല്ല വരുമാനമാണെന്ന് ഈ മേഖലയില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നു. മറ്റ് കോഴികളെ പോലെ നാടന്‍ കോഴികള്‍ക്ക് അസുഖം കുറവാണ്.
കൊവിഡ് കാലത്ത് നിരവധി ചെറുപ്പക്കാര്‍ സ്വന്തമായി നിര്‍മിച്ച ഇന്‍ക്യുബേറ്റര്‍ ഉപയോഗിച്ച് മുട്ട വിരിയിച്ചു. ഒരു മാസം പ്രായമുള്ള നാടന്‍ കോഴിക്കുഞ്ഞിന് 150 രൂപ മുതല്‍ 200 രൂപ വരെ വില ലഭിക്കുന്നു. തലശേരി കോഴിയും മലയന്‍ കോഴിയുമാണ് ജില്ലയില്‍ സാധാരണ കണ്ടുവരുന്ന രണ്ടിനം. കോഴിക്കെട്ടിന് ഉപയോഗിക്കുന്ന വോര്‍ക്കാടി കോഴികള്‍ക്കും മാര്‍ക്കറ്റില്‍ വലിയ വിലയുണ്ട്. ലക്ഷണമൊത്ത പൂവന്‍കോഴിക്ക് 500 മുതല്‍ 900 രൂപ വരെ വില ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: