തിരുവനന്തപുരം: ഒരാഴ്ചയ്ക്കുള്ളില്‍ തലസ്ഥാന ജില്ല അടക്കം ആറ് ജില്ലകളില്‍ കൊറോണ വ്യാപനം വര്‍ദ്ധിച്ചെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിര്‍ദ്ദേശം. ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്നു വരെയുള്ള കണക്കുകളുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.
പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, വയനാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് വ്യാപനത്തില്‍ വര്‍ദ്ധന ഉണ്ടായത്. നിലവില്‍ വയനാട്ടിലാണ് ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇവിടെ 100 പേരില്‍ പരിശോധന നടത്തുമ്പോള്‍ 12.3 ആണ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറത്ത് ഇത് 12.2 ആണ്.
പത്തനംതിട്ടയിലും കോട്ടയത്തും പോസിറ്റിവിറ്റി 11.6 ശതമാനം. രോഗികളുടെ എണ്ണം കണക്കാക്കിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടായത് എറണാകുളത്താണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത് പത്തനംതിട്ടയിലും. മരിച്ചവരുടെ പ്രായം തിരിച്ചുള്ള കണക്കുകളും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ ആകെ മരണം 3116 എന്നാണ് കണക്കുകള്‍.
7.71 ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 3116 പേര് മരിച്ചു. ഇതില്‍ പത്ത് വയസിന് താഴെയുള്ള ആറ് കുട്ടികളും, 11നും 20നും മധ്യേയുള്ള ഒമ്പത് പേരും, 11നും 30നും ഇടയിലുള്ള 35 പേരും, 31നും 40നും മധ്യേയുള്ള 77 പേരും, 40നും 60നും ഇടയിലുള്ള 779 പേരും, അറുപതിനു മുകളില്‍ പ്രായമുളള 2210 പേരും മരിച്ചു.
ഒരാഴ്ചയ്ക്കുള്ളില്‍ 35336 പേര്‍ക്ക് രോഗബാധ ഉണ്ടായപ്പോള്‍ 165 പേര് മരിച്ചു. 35048 പേര് രോഗമുക്തരായി. 370996 പരിശോധനകളാണ് നടത്തിയത്. മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പരിശോധനകളുടെ എണ്ണം അടിയന്തരമായി വര്‍ദ്ധിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: