കൊച്ചി: തങ്ങളുടെ മനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമാണ് വാളയാറില്‍ നടന്നതെന്ന് ഹൈക്കോടതി ജഡ്ജിമാര്‍. രേഖകളില്‍ കണ്ടത് ഞങ്ങളുടെ മനഃസാക്ഷിയെ ഞെട്ടിച്ച കുറ്റമാണ്. അന്വേഷകനും പ്രോസിക്യൂട്ടര്‍ക്കും, വിചാരണക്കോടതിക്കും അങ്ങനെ തന്നെയായിരിക്കണം. രണ്ട് കൊച്ചുകുട്ടികളാണ്, സഹോദരിമാരാണ് അവരെ സംരക്ഷിക്കേണ്ടവര്‍ ചെയ്ത കിരാതമായ പാപങ്ങളെത്തുടര്‍ന്ന്, ഈ ലോകത്തു നിന്ന് പോയ്മറഞ്ഞത്, വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.
രണ്ടാമത്തെ കുട്ടി മരിക്കും വരെ ആദ്യത്തെ കുട്ടിയുടെ മരണത്തില്‍ അര്‍ഥവത്തായ അന്വേഷണമേ നടന്നിട്ടില്ല. ജനരോഷം ഉയര്‍ന്ന ശേഷമാണ് മരണങ്ങള്‍ പോലീസ് അന്വേഷിച്ചതു തന്നെ. 13 വയസുകാരിയെ 2017 ജനുവരി 13ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പ്രഥമ വിവര റിപ്പോര്‍ട്ടുണ്ടാക്കി പോസ്റ്റ്‌മോര്‍ട്ടം നടത്തി എന്നല്ലാതെ വാളയാര്‍ എസ്‌ഐ യാതൊന്നും ചെയ്തിട്ടില്ല. മാര്‍ച്ച് നാലിനാണ് ഒമ്പത് വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പ്രാഥമിക അന്വേഷണം നടത്തിയതും നേരത്തെ പറഞ്ഞ എസ്‌ഐ തന്നെ. ജനരോഷം ഉയര്‍ന്നതോടെയാണ് അന്വേഷണം ഇന്‍സ്‌പെകടര്‍ക്ക് (സിഐ) കൈമാറിയത്. അയാളാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കാര്യം കണ്ടെത്തിയത്. പക്ഷെ ഇതിനകം ഒരുപാട് സമയം കടന്നുപോയി, ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കുട്ടികളും കുടുംബവും ഷെഡ്ഡിലാണ് താമസിച്ചിരുന്നത്. കേസിലെ പ്രതി വലിയ മധു ഷെഡ്ഡില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായ, വേഴ്ചയ്‌ക്ക് ഇരയാക്കിയിട്ടുണ്ട്. അമ്മൂമ്മയുടെ വീട്ടില്‍ വച്ചും, അവളുടെ വീട്ടില്‍ വച്ചും ഇയാള്‍ പലകുറി ലൈംഗിക പീഡനത്തിന് വിധേയയാക്കി. പീഡനം സഹിക്കവയ്യാതാണ് മൂത്ത കുട്ടി ജീവനൊടുക്കിയത്. ഇയാള്‍ കുട്ടിയുടെ ബന്ധുവുമാണ്.
കേസ് ഡയറിയോ തെളിവുകളോ പരിശോധിക്കാതെ അശ്രദ്ധമായാണ് പ്രോസിക്യൂട്ടര്‍ വാദിച്ചത്. സാക്ഷികളെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത പോലും പരിഗണിച്ചില്ല. രണ്ടാം സാക്ഷിയും സുപ്രധാന സമയത്ത് നിര്‍ണ്ണായകമായ വസ്തുത (പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍, മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് എത്താറുണ്ടെന്നത്) പറഞ്ഞില്ല. ചോദ്യം ചെയ്യാന്‍ അനുമതി തേടിയെങ്കിലും, പ്രോസിക്യൂട്ടര്‍ ഇക്കാര്യം ചോദിച്ചുമില്ല. ഇയാള്‍ കള്ളം പറയുകയാണെന്ന് സ്ഥാപിക്കാന്‍ ഒരു ശ്രമവും പ്രോസിക്യൂട്ടര്‍ നടത്തിയില്ല. പ്രതി (വലിയ മധു) പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് താന്‍ കണ്ടുവെന്ന് നാലാം സാക്ഷിയുടെ മൊഴി സ്ഥാപിച്ചെടുക്കാനും പ്രോസിക്യൂട്ടര്‍ ഒരു ശ്രമവും നടത്തിയില്ല.
ഇയാള്‍ കൂറുമാറി പ്രതിക്കൊപ്പം ചേര്‍ന്നിരുന്നു. ഇയാളോട് ചോദ്യം ചോദിക്കാന്‍ അനുമതി വാങ്ങിയ പ്രോസിക്യൂട്ടര്‍ അപ്രസക്തമായ ഒരു ചോദ്യം മാത്രമാണ് ഉന്നയിച്ചത്. നിര്‍ണായക സാക്ഷിയുടെ മൊഴി ഒരു പേജില്‍ മാത്രമായി ഒതുങ്ങി. കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുന്നത് വളര്‍ത്തച്ഛന്‍ കണ്ടതായി മൊഴിയിലുണ്ട്. ഇക്കാര്യം അയാള്‍ ഭാര്യയോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ബലവത്താക്കാന്‍ പ്രോസിക്യൂഷന്‍ ഒന്നും ചെയ്തില്ല. പ്രോസിക്യൂഷന്‍ സാക്ഷികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടാറുണ്ടായിരുന്നെങ്കിലും കേസിനെ സഹായിക്കാത്ത അവര്‍ കള്ളം പറയുന്നുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂട്ടര്‍ ഒരു ചോദ്യവും ഉന്നയിക്കാറില്ല. കേസ് ഡയറിയിലെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് സ്ഥാപിക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. കുട്ടികള്‍ അടക്കമുള്ള പ്രോസിക്യൂഷന്‍ സാക്ഷികളില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല.
എട്ടാം സാക്ഷിയായ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറോടു പോലും, ലൈംഗിക പീഡനം നടന്നുവെന്ന് തെളിക്കാന്‍ വേണ്ട ചോദ്യങ്ങള്‍ ഉന്നയിച്ച് തെളിവ് ശേഖരിച്ചില്ല, കോടതി തുടര്‍ന്നു. പ്രോസിക്യൂട്ടറുടെ അശ്രദ്ധ ഈ കേസില്‍ അങ്ങേയറ്റമായിരുന്നു. ആത്മാര്‍ഥതയില്ലാത്ത, പാതിമനസോടെയുള്ള പ്രോസിക്യൂട്ടറുടെ പെരുമാറ്റത്തിന് ഒരു നീതീകരണവുമില്ല. പല സാക്ഷികളെയും വിസ്തരിക്കുക പോലും ചെയ്തിട്ടില്ല. ഇതിന് കാരണവും പറഞ്ഞിട്ടില്ല. തന്റെ ജോലി നിര്‍വ്വഹിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു, ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: