ന്യൂദല്‍ഹി: വീട്ടമ്മമാരുടെ വീട്ടുജോലിക്കും ഒട്ടും മൂല്യം കുറവല്ലെന്ന് സുപ്രീംകോടതി. ഭര്ത്താക്കന്മാരുടെ ഓഫീസ് ജോലിക്കൊപ്പം തന്നെ വിലയുള്ളതാണ് വീട്ടുജോലിയും. ലിംഗ നീതിയെന്ന ആവശ്യത്തിന് വലിയ പിന്തുണ നല്കുന്ന ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. വീട്ടമ്മമാര്‍ ജോലി ചെയ്യുന്നില്ലെന്നും വീടുകളുടെ സാമ്പത്തിക പുരോഗതിക്ക് അവര്‍ സംഭാവന ചെയ്യുന്നില്ലെന്നുമുള്ള ചിന്താഗതിയാണ് മാറേണ്ടത്, ജസ്റ്റിസുമാരായ എന്‍.വി. രമണയും എസ്. അബ്ദുള്‍ നസീറും സൂര്യകാന്തും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വീട്ടുജോലി ചര്‍ച്ചയാകുന്ന കാലത്ത്, വീട്ടമ്മമാരുടെ അന്തസ് ഉയര്‍ത്തുന്ന വിധിയാണിത്.
ദല്‍ഹിയില്‍ 2014 ഏപ്രിലില്‍, വാഹനാപകടത്തില്‍ മരണമടഞ്ഞ ദമ്പതികളുടെ (വിനോദും പൂനയും) മക്കള്‍ക്ക് നല്‍കേണ്ട നഷ്ട പരിഹാരം ഭാര്യ വീട്ടമ്മ മാത്രമാണെന്നും ജോലിയില്ലെന്നും പറഞ്ഞ് ദല്‍ഹി ഹൈക്കോടതി വെട്ടിക്കുറച്ചതിനെതിരായ അപ്പീലിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. അപ്പീല്‍ പരിഗണിച്ച കോടതി നഷ്ടപരിഹാരം 22 ലക്ഷം രൂപയില്‍നിന്ന് 33.20 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. തുകയ്ക്ക് 2014 ഏപ്രില്‍ മുതല്‍ ഒമ്പത് ശതമാനം പലിശ നല്‍കാനും ഉത്തരവിട്ടു.
2011ലെ സെന്‍സസ് പ്രകാരം 159.85 ദശ ലക്ഷം സ്ത്രീകള്‍ വീട്ടുജോലി ചെയ്യുന്നവരാണ്. വീട്ടുജോലി ചെയ്യുന്ന പുരുഷന്മാര് 5.79 ദശ ലക്ഷം മാത്രം, ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി. കൂലിയൊന്നുമില്ലാതെ, കുടുംബത്തിലെ മറ്റുള്ളവര്‍ക്കു വേണ്ടി ഒരു വീട്ടമ്മ, ദിവസം 299 മിനിറ്റാണ് ജോലികള്‍ ചെയ്യുന്നത്. അതേ സമയം, പുരുഷന്മാര് ചെലവിടുന്നത് 97 മിനിറ്റും. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട ഇന്ത്യയിലെ സമയത്തിന്റെ ഉപയോഗം 2019 എന്ന റിപ്പോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഭക്ഷണം പാകം ചെയ്യുന്നു, നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നു, വീട് (വസ്ത്രങ്ങളും) വൃത്തിയാക്കുന്നു, വീടും ചുറ്റുവട്ടവും നന്നായി പരിപാലിക്കുന്നു, വീട് അലങ്കരിക്കുന്നു, ചെറിയ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നു, കുട്ടികളെ വളര്‍ത്തുന്നു, പ്രായമായവരെ പരിപാലിക്കുന്നു… വീട്ടമ്മമാരുടെ നിത്യത്തൊഴിലുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടമ്മമാര്‍ ജോലി ചെയ്യുന്നില്ലെന്നും വീടിന്റെ സാമ്പത്തിക പുരോഗതിക്ക് സംഭാവന നല്കുന്നില്ലെന്നുമാണ് കാലങ്ങളായുള്ള സങ്കല്‍പ്പം. ഇത് മറി കടക്കണം, രമണ ചൂണ്ടിക്കാട്ടി.കാര്യങ്ങള്‍ കണക്കിലെടുത്ത് ഒരു വീട്ടമ്മയുടെ ശരാശരി വരുമാനം കോടതികള്‍ നിശ്ചയിക്കണമെന്ന് കോടതി വ്യക്തമാക്കി.
മരണമടഞ്ഞ ദമ്പതികളുടെ പെണ് മക്കള്‍ക്ക് 40.7 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനായിരുന്നു മോട്ടോര്‍ വാഹനാപകട ട്രിബ്യൂണലിന്റെ വിധി. ഇന്‍ഷ്വറന്‍സ് കമ്പനി അപ്പീല്‍ നല്കിയപ്പോള് മരണമടഞ്ഞ സ്ത്രീക്ക് ജോലിയില്ലെന്നു കാണിച്ച് അവരില്‍നിന്ന് കുടുംബത്തിന് ലഭിക്കുമായിരുന്ന വരുമാനം കുറച്ചു, അതിന് അനുസൃതമായി നഷ്ട പരിഹാരവും. അങ്ങനെയാണ് നഷ്ട പരിഹാരം ദല്‍ഹി ഹൈക്കോടതി 22 ലക്ഷമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: