കണ്ണൂര്‍: ചിറ്റാരിപ്പറമ്പില്‍ കഴിഞ്ഞ ദിവസം ഷിഗല്ലെ രോഗം സ്ഥിരീകരിച്ച ആറു വയസ്സുകാരന് രോഗം സംബന്ധിച്ച് സര്‍ക്കാര്‍ ലാബില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രോഗ വ്യാപനം സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാരായണ നായ്ക്ക് പറഞ്ഞു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന കുട്ടിയ്ക്ക് രോഗബാധയുളളതായി ആശുപത്രിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് സര്‍ക്കാര്‍ ലാബില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീടും പരിസരവും പരിശോധിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും പ്രദേശത്തെ വീടുകളില്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തിയതായും അദ്ദേഹം പറഞ്ഞു. ബോധവല്‍ക്കരണം ശക്തമാക്കിയതായും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ചിറ്റാരിപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷെറീജ് ജനാര്ദ്ദനന് അറിയിച്ചു. കുട്ടിയുടെ വീട്ടിലെ 5 പേരില്‍ മൂന്ന് പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ഡിസംബറില്‍ ജില്ലയില്‍ ഒരാള്‍ക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു. രോഗബാധ കണ്ടെത്തിയ വീട്ടിലെ ഉള്‍പ്പെടെ പ്രദേശത്തെ കിണറുകളിലെ വെള്ളത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്കയച്ചിട്ടുണ്ട്. നേരത്തെ കോഴിക്കോട്, എറണാകുളം ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് കോട്ടാംപറമ്പില്‍ 11 വയസുകാരന് രോഗംബാധിച്ചു മരണപ്പെട്ടിരുന്നു. ഈ കുട്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത 56 പേര്‍ക്ക് ഷിഗെല്ല രോഗലക്ഷണങ്ങളുണ്ടാവുകയും അതില്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ 56വയസുള്ള ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് കിണറുകള്‍ ശുചീകരണം അടക്കമുള്ള മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നു.
മലിനജലം, പഴകിയ ഭക്ഷണം എന്നിവയിലൂടെയാണ് ബാക്ടീരിയ പകരുന്നത്. പനി, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഏഴുദിവസത്തിനുള്ളില്‍ രോഗ ലക്ഷണമുണ്ടാകും. കൊറോണ രോഗ ‘ഭീതി മാറാതെ നില്ക്കുമ്പോള് തന്നെയാണ് കോഴിക്കോടിനും എറണാകുളത്തിനും പിന്നാലെ കണ്ണൂരും ഷിഗല്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: