തിരുവനന്തപുരം: നാട്ടികയിലെ തളിക്കുളത്ത് കടല്‍ക്ഷോഭത്തില്‍ പെട്ട മത്സ്യത്തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാക്കള്‍ നാടിന്റെ അഭിമാനമായി.
ബിജെപി യുടെയും സേവാഭാരതിയുടെയും നെടും തൂണുകളായ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന് ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.
രാധാകൃഷ്ണ മേനോന്റെ ഫേസ് ബുക്ക് പോസ്റ്റ്
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാ രാജാവ് കുളച്ചല്‍ യുദ്ധം ജയിച്ചത് കടലിന്റെ മക്കളുടെ അകമഴിഞ്ഞ സഹായത്താലാണ്. അന്നാണ് ‘കടലിന്റെ അരചര്‍’ എന്ന് അദ്ദേഹം മല്‍സ്യതൊഴിലാളികളെ അഭിസംബോധന ചെയ്തത്. അക്ഷരാര്‍ത്ഥത്തില്‍ ഈ നിരീക്ഷണത്തെ അടിവരയിട്ടുറപ്പിക്കുന്നതാണ് ഇന്നലെ നാട്ടികയിലെ തളിക്കുളത്ത് നടന്ന സംഭവങ്ങള്‍. രാവിലെ അന്നന്നത്തെ അന്നം തേടി കടലമ്മയുടെ മാറിലേക്ക് വള്ളവും തുഴഞ്ഞു പോയ നാല് മത്സ്യത്തൊഴിലാളികള്‍ പെട്ടെന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ പെട്ടു.. വീശിയടിക്കുന്ന കാറ്റില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങുന്ന മുകില്‍ എന്ന പ്രതിഭാസം അവിടെ വില്ലനായി. നിറയെ മീന്‍ ഉണ്ടായിരുന്ന വള്ളത്തെ ആ തിരമാലകള്‍ പുഴക്കിമറിച്ചു.
പിന്നെ നടന്നത് സമാനതകളില്ലാത്ത രക്ഷാ പ്രവര്‍ത്തനമാണ്. കടലിന്റെ മക്കളുടെ സ്പന്ദനം തൊട്ടറിയുന്ന തളിക്കുളത്തിന്റെ ഊര്‍ജ്ജസ്വലനായ യുവനേതാവ് ഭഗീഷ് പൂരാടന് രക്ഷാപ്രവര്‍ത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ബിജെപി യുടെയും സേവാഭാരതിയുടെയും നെടും തൂണുകളായ പ്രവര്‍ത്തകരും എത്തി. തളിക്കുളം സെന്ററിലെ അമൂല്യ ജൂവലറി ഉടമ സുബിന്റെ മകന് ബാംഗളൂരില്‍ രണ്ടാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥി ആയ ദേവാംഗ് തളിക്കുളം ബിജെപി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രാജേഷ് മാധവ് എന്നിവര്‍ ഈ രക്ഷാ പ്രവര്‍ത്തനത്തിലെ മിന്നും താരങ്ങളായി. കയ്യിലെ ഡ്രോണും എടുത്ത് കടലിന്റെ മക്കളോടൊപ്പം രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ ദേവാംഗിന് പക്ഷെ പ്രതീക്ഷ കുറവായിരുന്നു. കരയില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെ ഉള്‍ക്കടലിലെത്തിയപ്പോള്‍ ശക്തമായ കാറ്റുള്ളത് കൊണ്ട് ഡ്രോണ്‍ പറത്താനും ഏറെ ബുദ്ധിമുട്ടിയെന്ന് ദേവാങ്ക് പറയുന്നു. പറത്തുന്നതിനേക്കാള്‍ പ്രയാസമായിരുന്നത്രെ ബോട്ടിലേക്ക് ഡ്രോണ്‍ തിരികെ ലാന്‍ഡ് ചെയ്യിക്കുക എന്നത്.. തിരച്ചിലിനിടയില്‍ കുടങ്ങള്‍ക്ക് മീതെ ജീവന് വേണ്ടി യാചിക്കുന്ന മൂന്ന് പേരെയും ഒരാളെ കുടങ്ങളൊന്നുമില്ലാതെ ഒഴുകി നടക്കുന്ന രൂപത്തിലും ഡ്രോണ്‍ പകര്‍ത്തി.. ഒരു പത്ത് മിനുട്ട് കൂടി വൈകിയിരുന്നെങ്കില്‍ ആ ഒഴുകി നടന്നിരുന്ന മനുഷ്യനെ ജീവനോടെ കിട്ടുമായിരുന്നില്ല.. ബോട്ടിലേക്ക് പിടിച്ചു കയറ്റിയപ്പോള്‍ ആ മനുഷ്യന്‍ബോധമറ്റ് വീണു പോയി.
അങ്ങേയറ്റം സ്തുത്യര്‍ഹമായ സേവനമാണ് ഒരു ഭാഗീഷ് പൂരാടന് കാഴ്ചവെച്ചത്. ഈ രക്ഷാ പ്രവര്‍ത്തനശ്രമങ്ങളെ നേതൃത്വം നല്കി ഏകോപിപ്പിച്ചു കൊണ്ട് ആ ചെറുപ്പക്കാരന് മുന്നോട്ട് പോകുമ്പോള്‍ കേരളാ സര്‍ക്കാരോ സ്ഥലം എംപിയോ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് കൂടി ഓര്‍ക്കണം. അപകടത്തില്‍ പെട്ടവരെ കരക്കെത്തിച്ച് അവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സക്ക് ഏര്‍പ്പാടാക്കിയ ശേഷം ആ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരെ ആദരിക്കുക കൂടി ചെയ്തു ഭഗീഷ് പൂരാടന്. തളിക്കുളം ബ്ലോക്കിലെ പട്ടലങ്ങാടി ഡിവിഷനില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഭഗീഷ് ഒരു ജനപ്രതിനിധി എങ്ങിനെ ആയിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.
ഈ രക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ച ഭാരതീയ ജനതാപാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: