കൊച്ചി: തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്കാമെങ്കില് ജയിലില്‍ പോകാനും തയ്യാറാകണമെന്ന് ഇബ്രാഹികുഞ്ഞിനോട് കോടതി. ബുധനാഴ്ച പാലാരിവട്ടം പാലം കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
നേരത്തെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി വാദിച്ച അഭിഭാഷകന് ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് ഹൈക്കോടതിയിൽ അഭ്യര്‍ത്ഥിച്ചു. മുസ്ലിം എജ്യൂക്കേഷൻ സൊസൈറ്റി ഇലക്ഷനിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അപേക്ഷ പിന്‍വലിക്കണമെന്നും കോടതി ഇബ്രാഹിംകുഞ്ഞിനോട് പറഞ്ഞു.
ഇനി അഥവാ മത്സരിക്കണമെന്നുണ്ടെങ്കില്‍ ജയിലിൽ പോയിട്ടുമാകാമെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചത്. പക്ഷേ ഇപ്പോൾ നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നു. അത് ജയിലിൽ പോയിട്ടും ആകാമെന്ന് കോടതി വിമർശിച്ചു.
ഇതിനു നല്കിയ മറുപടിയില്‍ ജയിലിൽ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. വിദഗ്ദ്ധ ഡോക്ടർമാരുടെ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണമെന്നും സർക്കാർ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ സമയം വേണമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: