തിരുപ്പതി: ഒരച്ഛന് മകള്‍ക്കു നല്കിയ സല്യൂട്ടിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ആന്ധ്രയിലെ പോലീസ് ഉദ്യോഗസ്ഥരാണ് ഈ അച്ഛനും മകളും. ഗുണ്ടൂരില്‍ പോലീസ് മീറ്റിനിടെയാണ് ഈ വൈറല്‍ സല്യൂട്ട്
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ. ശ്യാം സുന്ദറാണ് മകളും ഗുണ്ടൂര്‍ ഡിഎസ്പിയുമായ ജെസി പ്രശാന്തി ഐപിഎസിനെ സല്യൂട്ട് നല്കി സ്വീകരിച്ചത്. പോലീസ് മീറ്റിനിടെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി യോഗ സജ്ജീകരണങ്ങള്‍ വിലയിരുത്തുമ്പോള്‍ അപ്രതീക്ഷിതമായി അവിടേക്ക് കടന്നുവന്ന ശ്യാം സുന്ദര്‍ മകള്‍ക്ക് സല്യൂട്ട് നല്‍കുകയായിരുന്നു. പുഞ്ചിരിയോടെയാണ് പ്രശാന്തി പിതാവിന്റെ സല്യൂട്ട് ഏറ്റുവാങ്ങിയത്. ഉടന്‍ പ്രശാന്തി ശ്യാം സുന്ദറിനും സല്യൂട്ട് മടക്കി നല്കി.
ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ സാധാരണ സിനിമകളില്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്നും അച്ഛനെയും മകളെയും യൂണിഫോമില്‍ ഒരുമിച്ചു കണ്ടതില്‍ വലിയ സന്തോഷമെന്നും അഭിവാദനത്തിന് സാക്ഷിയായ തിരുപ്പതി എസ്പി എ. രമേശ് റെഡ്ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: