തിരുവനന്തപുരം: തമിഴ് സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ അ. മാധവന് (87) അന്തരിച്ചു. തിരുവനന്തപുരത്ത് കൈതമുക്കില്‍ ഒറ്റുകാല്‍ തെരുവിലെ വീട്ടിലായിരുന്നു താമസം. ചാല കമ്പോളത്തില്‍ ശെല്‍വി സ്റ്റോര്‍ എന്ന പാത്രക്കട നടത്തുകയായിരുന്നു. തമിഴിലെ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളിലെല്ലാം കഥകള്‍ പ്രസിദ്ധീകരിച്ചു. തമിഴ് വിദ്യാര്‍ത്ഥികളുടെ പാഠ്യ വിഷയമായും അദ്ദേഹത്തിന്റെ കഥകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.
തിരുനെല്‍വേലി സ്വദേശികളായ ആവുടനായകം പിള്ളയുടേയും ചെല്ലമ്മാളിന്റേയും മകനായി 1934ല്‍ ജനിച്ചു. രാജഭരണകാലത്ത് തൊഴില്‍ തേടി തിരുവനന്തപുരത്തെത്തിയതാണ് മാധവന്റെ മാതാപിതാക്കള്‍. ചിരുകതൈ എന്ന തമിഴ് പ്രസിദ്ധീകരണത്തില്‍ വിക്ടര്‍ ഹ്യൂഗോയുടെ രചനകള്‍ മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പരിഭാഷപ്പെടുത്തിയാണ് സാഹിത്യലോകത്തേക്ക് പ്രവേശിച്ചത്. ഡിഎംകെ നേതാക്കളായ അണ്ണാദുരെയ്ക്കും എം. കരുണാനിധിക്കുമൊപ്പം പാര്‍ട്ടി പത്രമായ മുരശൊലിയില്‍ എഴുതിയിരുന്നു. 2002-07 കാലയളവില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിദഗ്ധ സമിതി അംഗമായിരുന്നു. ട്രിവാന്‍ഡ്രം തമിഴ് സംഘത്തിന്റെ സ്ഥാപകനും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്നു.
കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ സമ്മാനം, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, മലയാറ്റൂര്‍ രാമകൃഷ്ണന്റെ യക്ഷി എന്നിവയും കമല സുരയ്യയുടേയും തകഴി ശിവശങ്കരപ്പിള്ളയുടേയും പൊറ്റക്കാടിന്റേയും ഏതാനും കൃതികളും തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വിദേശ എഴുത്തുകാരുടെ കൃതികളും തമിഴിലേക്ക് മൊഴിമാറ്റി.
ഇളക്കിയ ചുവടുകള്‍ എന്ന ലേഖന സമാഹാരത്തിനായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം, കേരള സര്‍വകലാശാല തമിഴ് വിഭാഗത്തിന്റെ സുവര്‍ണ ജൂബിലി പുരസ്കാരം, തിരുവനന്തപുരം തമിഴ് സംഘത്തിന്റെ സുവര്‍ണ ജൂബിലി പുരസ്കാരം, തമിഴ് സംഘത്തിന്റെ മഹാകവി ഉള്ളൂര്‍ പരമേശ്വരയ്യര്‍ സ്മാരക പുരസ്കാരം തുടങ്ങിയവ നേടി.
കടൈന്തു കഥൈകള്‍, മോഹപല്ലവി, കാമിനി മൂലം, ആനൈ ചന്തം, അറേബ്യ കുതിരൈ, അ. മാധവന് കഥൈകള്‍, മുത്തുകള്‍ പാത്ത് തുടങ്ങിയവയാണ് കഥാസമാഹാരങ്ങള്‍. ലേഖന സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരേതയായ ശാന്തയാണ് ഭാര്യ. കലൈശെല്‍വി, പരേതനായ ഗോവിന്ദരാജന്‍, മലര് ശെല്‍വി എന്നിവര്‍ മക്കളും എന്‍. മോഹനന്, പൂര്‍ണ്ണിമാ ഗോവിന്ദരാജന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ മരുമക്കളുമാണ്. ഇന്ന് രാവിലെ പത്തിന് തൈക്കാട് സമുദായ ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: