കൊച്ചി: ഉദ്ഘാടത്തിന് മുന്‍പ് കൊച്ചി വൈറ്റില മേല്‍പാലം തുറന്നു നല്കിയ സംഭവത്തില്‍ വി4 കേരള ഭാരവാഹി നിപുണ്‍ ചെറിയാന് അടക്കം നാലു പേര് അറസ്റ്റില്‍. സംഘടനയുടെ ഭാരവാഹികളായ ആഞ്ചലോസ്, റാഫേല്‍, സൂരജ് എന്നിവരാണ് മറ്റ് മൂന്നുപേര്‍. ഇന്നലെ രാത്രിയാണ് ബാരിക്കേഡ് മാറ്റി വാഹനങ്ങള്‍ കടത്തിവിട്ടത്. തുടര്‍ന്ന് ആലപ്പുഴ ഭാഗത്തുനിന്ന് വന്ന വാഹനള്‍ പാലത്തില്‍ കുടുങ്ങിയതോടെ പൊലീസ് ബലമായി തിരിച്ചിറക്കുകയും ചെയ്തിരുന്നു.
നാല്പതോളം പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ധരാത്രി കാക്കനാട്ടെ ഫ്ളാറ്റ് വളഞ്ഞാണ് വി4 കേരള കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാനെ അറസ്റ്റ് ചെയ്തത്. മേല്‍പാലം തുറന്നുകൊടുക്കണമെന്ന് ഡിസംബര്‍ 31 ന് വി4 കേരളയുടെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. പ്രകടനവുമായി എത്തി പാലം തുറന്നുകൊടുക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ വി ഫോര്‍ കോച്ചി പ്രവര്‍ത്തകരുടെ പ്രകടനം തടഞ്ഞ പൊലീസ് പാലം തുറന്നുകൊടുക്കുന്നത് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി ഏഴരയോടെ അപ്രതീക്ഷിതമായി മൂന്നുപേര്‍ എത്തി പാലം തുറക്കുകയായിരുന്നു. താഴെ ഗതാഗതം നിയന്ത്രിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പാലത്തിലേക്ക് വാഹനങ്ങള്‍ കയറുന്നതുകണ്ട് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ആരാണ് ചെയ്തതെന്ന് വ്യക്തമായിരുന്നില്ല. തുടര്‍ന്ന് അര്‍ധരാത്രിയോടെയാണ് നിപുണ്‍ ചെറിയാനെയും മറ്റ് മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: