മുട്ടം: മലങ്കര അണക്കെട്ടില്‍ നിന്നുളള ഇടതുകര കനാല്‍ ഇന്നലെ തുറന്നു. നാളെ രാവിലെയോടെ ഈ വെള്ളം കൂത്താട്ടുകുളം മേഖലയിലെത്തും.
വലതുകര കനാല്‍ ഇന്ന് രാവിലെ 11 മണിയോടെ തുറക്കും. ഇന്നലെ വൈകിട്ട് എത്തിയ മഴയെ തുടര്‍ന്ന് ശുചീകരണ പ്രവര്‍ത്തികള്‍ വൈകിയതാണ് ഇതിന് കാരണമെന്ന് എംവിഐപി സബ് ഡിവി. നമ്പര്‍ വണ്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സിജി എം.കെ. പറഞ്ഞു. നേരത്തെ രാവിലെ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വെള്ളമൊഴുകുന്ന ഭാഗത്തെ ശുചീകരണം പൂര്‍ത്തിയാകാത്തതാണ് തടസമായത്. വൈകിട്ടോടെയാകും ഇടവെട്ടി മേഖലയില്‍ വെള്ളമെത്തുക.
മഴക്കാലം ആരംഭിക്കുന്നത് വരെ കനാലിലൂടെയും വെള്ളം കടത്തി വിടും. മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉല്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളത്തിന്റേയും സ്വാഭാവികമായി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റേയും അളവിന്റെ വ്യത്യാസത്തിനനുസരിച്ചാണ് രണ്ട് കനാലിലൂടെയും കടത്തിവിടുന്ന വെള്ളത്തിന്റെ അളവ് നിജപ്പെടുത്തുന്നത്.
പെരുമറ്റം, കോലാനി, നടുക്കണ്ടം, നെടിയശാല, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന ഇടതു കര കനാലിലെ വെള്ളം ഒഴുകിയെത്തുന്നത് കൂത്താട്ടുകുളം, പിറവം പ്രദേശത്താണ്.
തെക്കുഭാഗം, ഇടവെട്ടി, തൊണ്ടിക്കുഴ, മുതലക്കോടം, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട്, എന്നിവിടങ്ങളിലൂടെ ഒഴുകുന്ന വലതുകര കനാലില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് കോതമംഗലം ഭാഗത്താണ്. രണ്ട് കനാലിലൂടെയും വെള്ളം കടന്ന് പോകുന്ന വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ആയിരക്കണക്കിന് ആളുകള്‍ കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്.
അണക്കെട്ടില്‍ 39 മീറ്ററിന് മുകളില്‍ വെള്ളം ഉണ്ടെങ്കില്‍ മാത്രമാണ് ഇടതുകരയിലൂടെ വെള്ളം ഒഴുക്കാനാവുക. വലതുകര കനാലിലൂടെ വെള്ളമൊഴുക്കണമെങ്കില്‍ 39.5 മീറ്ററിന് മുകളിലും എത്തണം. നിലവില്‍ ഡാമിലെ ജലനിരപ്പ് 41.56 മീറ്ററാണ്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി.
അതേ സമയം കാട് പിടിച്ച് കിടക്കുന്ന കനാലിന്റെ ഇരുവശങ്ങളും പൂര്‍ണ്ണമായും ശുചീകരിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. എന്നാല്‍ വെള്ളം ഒഴുകുന്ന ഭാഗം പൂര്‍ണ്ണമായും ക്ലീന്‍ ചെയ്തതായാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: