പല മാതിരി ‘മുണ്ടു’കളുണ്ടായിട്ടും പരമശിവന് ആനത്തോലാണുടുക്കുന്നതത്രേ! അത്തരമൊരു സരസശ്ലോകം കാണാം.
ദിവ്യം കിഞ്ചന വെള്ള ‘മുണ്ടൊ’ രുമുറി
സ്സോമന്‍ കറുപ്പും ഗളേ,
പാര്‍ത്താല്‍ നല്ലടയാളമുള്ള
കര’മുണ്ടെ’ട്ടല്ലഹോ പിന്നെയും
തോലെന്യേ തുണിയില്ല
തെല്ലുമരയില്‍
കേളേറ്റുമാനൂരെഴും
പോറ്റീ, നിന്റെ ചരിത്രമത്ഭുതമഹോ!
ഭര്‍ഗ്ഗായ തുഭ്യം നമഃ
അര്‍ത്ഥം:
ദിവ്യം കിഞ്ചന വെള്ള’മുണ്ട്’ (ശിവന്റെ തലയില്‍ ഗംഗാദേവി ഒരു ‘മുണ്ട്’). ഒരുമുറി സോമന് (തലയിലെ ചന്ദ്രക്കലയായ സോമന് ഒരു തരം വേഷ്ടി-മുണ്ട് എന്നും അര്‍ത്ഥമുണ്ട്). കറുപ്പും ഗളേ ഗളേ എന്നാല്‍ കഴുത്ത്. കഴുത്തിലെ കറുപ്പ് (അതായത് കാളകൂടം. ഇത് കറുത്ത ഒരു ‘മുണ്ട്’). പാര്‍ത്താല്‍ നല്ലടയാളമുള്ള കര ‘മുണ്ടെ’ട്ടെല്ലഹോ (എട്ടു കൈകളില്‍ ദിവ്യങ്ങളായ എട്ടു വസ്തുക്കള്‍ മാന്‍, മഴു, ശൂലം, ഡമരു, രുദ്രാക്ഷം തുടങ്ങിയ ‘എട്ടു മുണ്ട്’) പിന്നെയും (ഇവയെല്ലാമുണ്ടായിട്ടും). തോലെന്യേ തുണിയില്ല തെല്ലുമരയില്‍- അരയില്‍ തോലല്ലാതെ (അദ്ദേഹം ആനത്തോലല്ലേ ഉടുക്കുന്നത്) തെല്ലു പോലും തുണിയില്ല കേള്- കേള്‍ക്കൂ, ഏറ്റുമാനൂരെഴും പോറ്റീ, നിന്റെ ചരിത്രമത്ഭുതമഹോ! -ഏറ്റുമാനൂരപ്പാ, അവിടുത്തെ കഥ അത്ഭുതം തന്നെ!. ഭര്‍ഗ്ഗായ തുഭ്യം നമഃ (അല്ലയോ ഭര്‍ഗ്ഗന്‍! ശിവഭഗവാനേ, അവിടുത്തേക്കായി നമസ്കാരം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: