ബാലരാമപുരം: വിദ്യാര്‍ഥിയായ മകന്റെ ചികിത്സയ്ക്ക് സുമനസ്സുകളുടെ കനിവുതേടി ഒരു അമ്മ. ഈ വീട്ടമ്മയും രോഗിയായ മകനും വൃദ്ധയായ അമ്മയും മറ്റുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ താമസമാകട്ടെ പുറമ്പോക്കില്‍ ടാര്‍പ്പ വലിച്ചുകെട്ടിയ ടെന്റില്‍. 14 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ തേമ്പാമുട്ടം ഇടക്കോണം കുളത്തിന്‍കരവീട്ടില്‍ സന്ധ്യയുടെ നൊമ്പരം ആരും തുണയില്ലാത്ത തന്റെ മക്കളെയോര്‍ത്താണ്. സര്‍ക്കാര്‍ പട്ടയമില്ലാതെ പുറമ്പോക്കില്‍ തലചായ്ക്കാന്‍ വിധിക്കപ്പെട്ടവരുടെ ദുരിതജീവിതത്തിലേക്ക് ഇടം പിടിക്കുകയാണ് സന്ധ്യയും കുടുംബവും.
കഴിഞ്ഞവര്‍ഷം മെയ് മാസത്തിലാണ് സന്ധ്യയുടെ മൂത്തമകന് വിഷ്ണു വീട്ടില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായി. ബാലരാമപുരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും വിദഗ്ധചികിത്സയ്ക്കായി ഡോക്ടര്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ഞരമ്പുകളുടെ പ്രവര്‍ത്തനം ക്ഷയിച്ചതാണ് വിഷ്ണുവിന്റെ പ്രശ്നം. മകന് കിടപ്പുരോഗിയായതോടെ സന്ധ്യയ്ക്ക് ജോലിക്ക് പോകാനാകാതെയായി. ഇതോടെ ലഭിച്ചുകൊണ്ടിരുന്ന ചെറിയ വരുമാനവും നിലച്ചു. കൈയിലുണ്ടായിരുന്ന സ്വര്‍ണം വിറ്റും വിഷ്ണുവിന്റെ സഹപാഠികളില്‍ നിന്നു ലഭിച്ച സഹായവും സ്വകാര്യവ്യക്തിയുടെ ഭൂമി ഈടുവച്ച് 3 ലക്ഷം രൂപ വായ്പയെടുത്തും തിരുവനന്തപുരം ശ്രീചിത്രയില്‍ രണ്ടുമാസവും 13 ദിവസവും സന്ധ്യ മകനെ ചികിത്സച്ചു. ആകെ 7 ലക്ഷത്തോളം രൂപ ചെലവായി. ചികിത്സ കഴിഞ്ഞെങ്കിലും വിഷ്ണു ഇപ്പോഴും കിടപ്പിലാണ്. മാസംതോറും ചികിത്സയ്ക്കായി 25,000 രൂപയോളം കണ്ടെത്തണം.
ജ്യേഷ്ഠന് കിടപ്പിലായതോടെ അനുജന്മാരായ ജിഷ്ണുവിന്റെയും സഞ്ജയയുടേയും പഠനവും മുടങ്ങി. ഇവര്‍ കടകളില്‍ കൂലിപ്പണിക്ക് പോയാണ് അമ്മയുടെയും ജ്യേഷ്ഠന്റെയും കാര്യങ്ങള്‍ നോക്കുന്നത്. ഈയാഴ്ച്ച തുടര്‍ചികിത്സയ്ക്കായി പതിനായിരം രൂപ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സന്ധ്യയുടെ മക്കള്‍. എ പ്ലസ് മാര്‍ക്ക് നേടി മൂവരും പഠനത്തിലും മിടുക്കരാണ്. വായ്പയെടുത്തതും കടം വാങ്ങിയതും മടക്കിനല്‍കാനാകാതെ വിഷമത്തിലാണ് സന്ധ്യ. ഇവരുടെ അമ്മ സരളകുമാരിയും വാര്‍ദ്ധക്യസഹജമായ രോഗം ബാധിച്ച് ചികിത്സയിലാണ്.
2018 ല്‍ മഴയത്ത് സന്ധ്യയുടെ വീട് തകര്‍ന്നിരുന്നു. വീട് പുതുക്കി പണിയുന്നതിന് വില്ലേജില്‍ അപേക്ഷിച്ചെങ്കിലും യാതൊരുവിധ ആനുകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ല. ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കണമെന്ന് വാര്‍ഡ് മെംബറോടും പഞ്ചായത്ത് പ്രസിഡന്റിനോടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജനപ്രതിനിധികളുടെ വാക്ക് പാഴ്വാക്ക് ആവുകയായിരുന്നു. ടാര്‍പ്പാളിന്‍ മൂടിയ എത് നിമിഷവും നിലംപൊത്താവുന്ന കൂരയ്ക്ക് കീഴിലാണ് കിടപ്പുരോഗിയായ വിഷ്ണു കഴിയുന്നത്. കൊവിഡ് വെല്ലുവിളിയായതോടെ സന്ധ്യയെയും കുടുംബത്തെയും സഹായിക്കാന്‍ ആരും തന്നെ മുന്നോട്ടുവരുന്നില്ല. ശ്രീചിത്രയില്‍ വിഷ്ണുവിന്റെ തുടര്‍ചികിത്സയ്ക്കായി ആശ്രിതരുടെ കനിവ് തേടി സന്ധ്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാലരാമപുരം ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് നമ്പര്‍ 20182824237. ഫോണ്‍: 9074632104.
പ്രതികരിക്കാൻ ഇവിടെ എഴുതുക: