അടിമാലി: മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ ഫോട്ടോപോയിന്റിന് സമീപമുള്ള റോഡിന്റെ വളവ് നിവര്‍ത്തി ഇനിയും ടാറിംഗ് നടത്താത്തത് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു.
അപകട മുനമ്പായിരുന്ന ഇവിടെ മണ്ണ് നീക്കി പാതയുടെ വിസ്താരം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും റോഡിന്റെ വളവ് നിവര്‍ത്തി മണ്ണ് നീക്കിയ ഭാഗത്തിനിയും ടാറിംഗ് നടത്തിയിട്ടില്ല. അപകടം തുടര്‍ക്കഥയായപ്പോഴായിരുന്നു മണ്ണ് നീക്കി പാതയുടെ വിസ്താരം വര്‍ധിപ്പിച്ചത്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി.
വീതി വര്‍ധിപ്പിച്ചെങ്കിലും കൊടും വളവ് നിവര്‍ത്താനോ ടാറിംഗ് നടത്താനോ നാളിതുവരെ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. വഴി പരിചിതമല്ലാതെത്തുന്നവര്‍ കൊടുംവളവിലെത്തുമ്പോള്‍ ആശയ കുഴപ്പത്തിലാകുന്നതും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമാകുന്നു.
ഇതിനോടകം നിരവധി അപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മരണത്തിനും ഈ അപകട തുരുത്ത് ഇടവരുത്തി. അശാസ്ത്രീയമായാണ് റോഡ് കടന്നു പോകുന്നതെന്നിരിക്കെ മുന്നറിയിപ്പ് ബോര്‍ഡു പോലും സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല.
അപകട സാധ്യത സൂചിപ്പിച്ച് യുവജന പ്രസ്ഥാനം സ്ഥാപിച്ച ദിശാബോര്‍ഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. മതിയായ വീതിയും റോഡുമുണ്ടെന്നിരിക്കെ അപകട വളവ് നിവര്‍ത്തി ടാറിംഗ് നടത്താന്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: