മോഹന കണ്ണന്‍
രാജഗഢില്‍ ഈ വര്‍ത്തമാനം എത്തി. സൂറത്ത് നഗരത്തിലെ ജയം ശഹാജിയുടെ മരണത്തോടു തുലനം ചെയ്യാവുന്നതായിരുന്നില്ല ജീജാബായിക്ക്. അവര്‍ ‘സതി’ അനുഷ്ഠിക്കുന്നതിനെ ജ്യേഷ്ഠ കാര്യകര്‍ത്താക്കളും രാജനീതിജ്ഞന്മാരും അനുകൂലിച്ചില്ല.
അവര്‍ രാജമാതാവിനോട് വിനയപുരസ്സരം പിന്‍മാറാന്‍ അപേക്ഷിച്ചു. എന്നാല്‍ ജീജാബായി തന്റെ നിലപാടില്‍ ഉറച്ചുനിന്നു. അവസാനം അമ്മയുടെ ശിവ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു പറഞ്ഞു അമ്മ സതി അനുഷ്ഠിച്ചാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല. മകന്റെ കരുണാര്‍ദ്രമായ കരച്ചിലിനു മുന്നില്‍ അമ്മ കീഴടങ്ങി, തന്റെ നിശ്ചയത്തില്‍നിന്നും പിന്മാറി. അമ്മയുമായുള്ള ഹൃദയ സംഘര്‍ഷത്തിലും ശിവാജി തന്നെ ജയിച്ചു.
കുടുംബത്തിലെ ദുഃഖവും ദുരിതവും ചിന്തിച്ച് കരഞ്ഞുകൊണ്ടിരിക്കാന്‍ ശിവാജിക്ക് സമയമുണ്ടായിരുന്നില്ല. നൂറുകണക്കിന് പദ്ധതികള്‍ നടപ്പിലാക്കേണ്ടതായുണ്ട്.
ഒന്നാമതായി സിംഹഗഡിനെ പ്രതിരോധിച്ചു നില്‍ക്കുന്ന ജയസിംഹനെ ഓടിച്ചു. അതിനുശേഷം നേതാജി പാല്‍ക്കര്‍ മുഗള്‍പ്രദേശങ്ങള്‍ ആക്രമിച്ചു തകര്‍ത്തു. ശിവാജി സ്വയം അഹമ്മദ് നഗരത്തില്‍ പോയി അവിടുത്തെ ധനസമ്പത്ത് മുഴുവന്‍ പിടിച്ചെടുത്തുകൊണ്ടുവന്നു. ബീജാപ്പൂരിന്റെ ഏതാനും ഭൂപ്രദേശങ്ങളും പിടിച്ചെടുത്തു. സ്വാതന്ത്ര്യ ദേവതയ്‌ക്കായി സമര്‍പ്പിച്ചു.
ശിവാജിയെ അടിച്ചമര്‍ത്താനായി വീണ്ടും ബീജാപ്പൂര്‍ സുല്‍ത്താന്‍ ദര്‍ബാര്‍ വിളിച്ചുകൂട്ടി. ഇത്തവണ താമ്പൂലമെടുത്തത് വിഖ്യാത സേനാപതി ഖാവസ്ഖാന്‍ ആയിരുന്നു. ഇയാളെ സഹായിക്കാനായി മുഘോളിലെ ഭരണകര്‍ത്താവായ ബാജി ഘോര്‍പഡെയും കൂടെ ഉണ്ടായിരുന്നു.
വളരെ വര്‍ഷങ്ങളോളം കൊങ്കണത്തിന്റെ സമുദ്രതീര പ്രദേശം ആദില്‍ശാഹിയുടെ ഭരണത്തിലായിരുന്നു. കൊങ്കണം ഇപ്പോള്‍ ശിവാജിയുടെ അധീനതയിലാണ്. ആദില്‍ശാഹ വീണ്ടും കൊങ്കണത്തില്‍ തങ്ങളുടെ അധികാരം സ്ഥാപിക്കാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കയായിരുന്നു. ബാജിഘോര്‍പഡെയെ കുഡാല്‍ പിടിച്ചെടുക്കാനായി ആദില്‍ശാഹ നിയോഗിച്ചു. ബീജാപ്പൂരില്‍ നിന്നും ഖാവസ്ഖാന്‍ ബാജിഘോര്‍പഡെയെ സഹായിക്കാന്‍ പുറപ്പെട്ടു. ഖാവസ് ഖാന്‍ കുഡാലില്‍ എത്തുന്നതിനു മുന്‍പ് തന്നെ ശിവാജി മുഘോളിനെ ആക്രമിച്ചു. ഘോര്‍പഡെ ശഹാജിയെ ചതിച്ച് ബന്ധനസ്ഥനാക്കിയിരുന്നു, സ്വരാജ്യത്തിന്റെ പഴയ ശത്രുവാണിയാള്‍. ശക്തമായ യുദ്ധം നടന്നു ഘോര്‍പഡെ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മകനെ മുഘോളിന്റെ ഭരണകര്‍ത്താവായി നിയോഗിച്ചു. ശിവാജി ഖാനാപൂരിനടുത്ത് വെച്ച് ഖാവസ്ഖാന്റെ മേല്‍ യാദൃച്ഛികമായി ആക്രമണം നടത്തി. ഖാവസ്ഖാനോട് പക്ഷപാതം കാണിക്കരുതല്ലൊ.
മുന്‍പ് വന്ന ഖാന്‍മാരോട് ചെയ്തതുപോലെ തന്നെ, ഖാവസ്ഖാന്റെ വളരെയധികം സര്‍ദാര്‍മാരും സൈനികരും കൊല്ലപ്പെട്ടു. ഖാവസ്ഖാന് വളരെയധികം മുറിവുകളേറ്റു കുറച്ചു ദിവസങ്ങള്‍ക്കുശേഷം മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: