ഓര്‍ത്തുവയ്ക്കാവുന്ന ഒരുപിടി കവിതകളും ചൊല്ലിക്കേട്ട കനമുള്ള ശബ്ദവും ഇമ്പമുള്ള കുറേ ചലച്ചിത്രഗാനങ്ങളും എവിടെച്ചെന്നാലും നിറയെ സൗഹൃദങ്ങളും…അനില്‍ പനച്ചൂരാന് എന്ന ജനകീയ കവി യാത്രയാകുമ്പോള്‍ ബാക്കിയാകുന്നതിതെല്ലാമാണ്.
എഴുപത്തിയഞ്ചോളം കവിതകളും 150 ഓളം ചലച്ചിത്രഗാനങ്ങളും അനില്‍ പനച്ചൂരാന് എഴുതിയെങ്കിലും വെങ്കല ലോഹത്തിന്റെമുഴങ്ങുന്ന ശബ്ദം പോലെ ചൊല്ലിപ്പതിപ്പിച്ച നിരവധിയായ കവിതകളിലൂടെയാണ് അദ്ദേഹത്തിലെ കവി എന്നും ഓര്‍ക്കപ്പെടുക. കവിതയെ ജനകീയമാക്കിയ കവികളുടെ കൂട്ടത്തിലാണ് അനിലിനും സ്ഥാനം. കടമ്മനിട്ടയും വി. മധുസൂദനന്‍നായരും ബാലചന്ദ്രന്ചുള്ളിക്കാടുമെല്ലാം കവിത എഴുതി കവിയായി പ്രതിഷ്ഠ നേടിയശേഷമാണ് കവിത ചൊല്ലി ജനങ്ങളിലേക്കിറങ്ങിയത്. എന്നാല്‍ കവിത പ്രസിദ്ധീകരിച്ച് കവിയായി പേരെടുത്തയാളല്ല അനില്‍ പനച്ചൂരാന്. അദ്ദേഹം സ്വന്തം കവിത ചൊല്ലി നടക്കുകയായിരുന്നു. ഓണാട്ടുകരയിലെ സൗഹൃദ സദസ്സുകളില്‍, ഓച്ചിറ പടനിലത്തെ കവിയരങ്ങുകളില്‍, കോളേജു ക്യാമ്പസ്സിലെ കുട്ടികള്‍ക്കു നടുവില്‍, ലഹരി നുരയുന്ന സൗഹൃദ സദസ്സുകളിലെല്ലാം ആ ശബ്ദം മുഴങ്ങി. തൊണ്ണൂറുകളില്‍ ക്യാമ്പസ് കൂട്ടായ്മകളില്‍ ഏറ്റുപാടിയ കവിത അനില്‍ പനച്ചൂരാന്റെ ‘വലയില്‍ വീണ കിളികളാ’യിരുന്നു.
ആലാപന ശൈലികൊണ്ട് മലയാളി ഹൃദയം കീഴടക്കിയ കവിയാണ് അനില്‍ പനച്ചൂരാന്. പ്രണയത്തിന്റെ ആര്‍ദ്രതയും കാരുണ്യത്തിന്റെ തണുപ്പും വിപ്ലവത്തിന്റെ തീക്ഷ്ണതയും വിരഹത്തിന്റെ നൊമ്പരവും പാടിപ്പൊലിപ്പിച്ചു. ഓണാട്ടുകരയ്ക്ക് പ്രത്യേകമായ സാഹിത്യ ഭാഷയും ശൈലിയും ഉണ്ട്. അതിന്റെ പിന്തുടര്ച്ചക്കാരനാണ് അനിലും. കവിതകളിലേറെയും കാരുണ്യത്തിന്റെ കയ്യൊപ്പ് പതിഞ്ഞത് ഓണാട്ടുകരയുടെ തനത് ഗ്രാമീണ സ്വഭാവം സാംശീകരിച്ചതിനാലാണ്. വില്ക്കാന് വച്ചിരിക്കുന്ന കിളികള്‍, അനാഥന്, ഒരുമഴ പെയ്തെങ്കില്‍ തുടങ്ങിയ കവിതകളില്‍ നിറയുന്നത് ഈ കാരുണ്യമാണ്. ലളിതമായി കവിതയെഴുതുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ആര്‍ക്കും പാടാന്‍ കഴിയുന്നതും ആര്‍ക്കും വേഗത്തില്‍ മനസ്സിലാകുന്നതുമായിരുന്നു ആ കവിതകള്‍. കവിതകേട്ടവരുടെ കണ്ണുനനഞ്ഞത് അതിനാലാണ്.
പ്രത്യേകമായ രാഷ്ട്രീയം അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിപ്ലവ കവിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് അറബിക്കഥയിലെ ‘ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം…’ എന്ന കവിതയെ വ്യാഖ്യാനിച്ചാണ്. അനില്‍ തന്നെ പറഞ്ഞിട്ടുണ്ട് അത് ഞാന്‍ സിനിമയ്ക്കുവേണ്ടി എഴുതിയതാണെന്ന്. അനിലിന്റെ വിപ്ലവം രാഷ്ട്രീയ പാര്‍ട്ടികളുടെ പക്ഷം ചേരുന്നതായിരുന്നില്ല. ഏതൊരു നല്ല കവിയെയും പോലെ സമൂഹത്തിലെ അരുതായ്കകള്‍ക്കെതിരെ പ്രതികരിക്കാന്‍ അദ്ദേഹം കവിതയെ ആയുധമാക്കി. ജീവിതത്തെ അറിയാന്‍ ജനങ്ങളിലേക്കിറങ്ങി ചെന്നു. കമ്യൂണിസത്തിന്റെ തുരുമ്പിച്ച ആശയങ്ങള്‍ കാലത്തിനനുസരിച്ച് തുരുമ്പകറ്റി മൂര്ച്ചു കൂട്ടണമെന്ന് വിമര്‍ശിക്കാനും കവിതയെ ഉപയോഗിച്ചു. കമ്യൂണിസം അക്രമത്തെ പ്രോത്സാഹിപ്പിച്ചപ്പോള്‍, കണ്ണൂരില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ അതിനെതിരെയും പ്രതികരിച്ചു…
‘മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്ക്കണം
ഓര്‍മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്…’
എന്ന അദ്ദേഹത്തിന്റെ എഴുത്ത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ലൗജിഹാദ് എന്ന തീവ്രവാദ പ്രവര്‍ത്തനം സമൂഹത്തില്‍ ഏറെ ചര്‍ച്ചയായ കാലത്താണ് അതിനെതിരെ വരികള്‍ കുറിച്ചതും അതിനെ കുറിച്ച് ചോദ്യം ചെയ്തവരോട് തന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ എഴുതുന്നതെന്ന് ഉച്ചത്തില്‍ പറഞ്ഞതും. ‘പ്രണയം നടിച്ച് ജിഹാദ്, പൊന്മാരീചനായി വരുന്നു കുഞ്ഞുങ്ങളെ, കരുതുക, കരുതുക, കരുതിയിരിക്കുക, കുരുതിയായി തീരാതെ കരുതിയിരിക്കുക…’ എന്നാണ് ആ വരികള്‍. ആ എഴുത്തിന്റെ പേരില്‍ മരണശേഷവും കവിയെ ചിലര്‍ വേട്ടയാടുന്നു. ദേശീയപ്രസ്ഥാനങ്ങളുടെ പരിപാടികളില്‍ ഒട്ടും അലോസരമില്ലാതെ എപ്പോഴും പങ്കെടുത്തിട്ടുള്ള അനിലിന്റെ മനസ്സിലുണ്ടായിരുന്നത് എന്തായിരുന്നു എന്ന് ആര്‍ക്കും തിരിച്ചറിയാനാകും.
സമൂഹത്തെയും ജീവിതത്തെയും അടുത്തറിയാന്‍ മനുഷ്യന്റെ എല്ലാ അവസ്ഥകളിലേക്കും ഇറങ്ങിചെന്നയാളാണ് അനില്‍. ചിലപ്പോള്‍ ഭ്രാന്തനായി അലഞ്ഞു. ഇടയ്ക്ക് സന്ന്യാസിയായി. ലഹരിയുടെ കൂട്ടുകാരനായി സൗഹൃദങ്ങളിലേക്ക് ഊളിയിട്ടു. അപ്പോഴൊക്കെയും കവിതയായിരുന്നു രക്തവും മാംസവും. ഉന്നത വിദ്യാഭ്യാസമുണ്ടായിരുന്നിട്ടും ഉന്നത കുടുംബത്തില്‍ പിറന്നിട്ടും സാധാരണക്കാരനിലേക്കിറങ്ങിച്ചെന്ന് തെരുവിലലയുന്നവരുടെയും അനാഥരുടെയും വേദനയനുഭവിക്കുന്നവരുടെയും പാട്ടുകാരനായി. മനുഷ്യരുടെ ജീവിതവും വേദനയും മാത്രമായിരുന്നില്ല അനിലിന്റെ കവിതയ്ക്ക് കാരണമായത്. മനുഷ്യനും പക്ഷികളും പൂക്കളും പ്രകൃതിയുമെല്ലാം കവിതയ്ക്ക് വിഷയങ്ങളായി.
കായംകുളം നഗരത്തില്‍ അലഞ്ഞു തിരിഞ്ഞ ഭ്രാന്തിയായ സ്ത്രീയുടെ ജീവതമാണ് ‘അനാഥന്’ എന്ന കവിതയ്ക്ക് കാരണമായത്. തെരുവിലെ ഭ്രാന്തിയേയും കാമപ്പേക്കൂത്ത് നടത്തിയവരില്‍ നിന്നു കിട്ടിയ സമ്മാനം കുഞ്ഞായി പിറക്കുമ്പോള്‍ തെരുവിനു ലഭിച്ച പുതിയ അനാഥനേയും കുറിച്ചാണ് കവി പാടുന്നത്. കണ്ണുനനയാതെ കേട്ടിരിക്കാനാകില്ല ഈ കവിത.
‘രാത്രിയുടെ ലാളനയ്ക്കായ് തുണതേടി-
ആരൊക്കെയോ വന്നു പോയി
കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക്
ഉദരത്തിലൊരു തുള്ളി ബീജം
ഇങ്ക്വിലാബിന് മക്കളാരുമറിഞ്ഞില്ലീ
ഉദരത്തിലെ രാസമാറ്റം
ഉലകത്തിലെവിടെയും തകിടംമറിയുന്ന
ഭരണത്തിലല്ലയോ നോട്ടം….
‘-അനാഥരെ സൃഷ്ടിക്കുന്ന സമൂഹത്തെ വിമര്‍ശിക്കാന്‍ ഇതിലും മികച്ച വരികളെഴുതാന്‍ ആര്‍ക്കു കഴിയും? ജീവിതത്തിന്റെ കയ്പ്പുനിറഞ്ഞ അനുഭവങ്ങള്‍ നേരിട്ടറിഞ്ഞ ഒരാള്‍ക്കല്ലാതെ…
കെണിവച്ച് പിടിച്ച കിളികളെ വില്പനയ്ക്കു വച്ചിരിക്കുന്നതു കണ്ട കവി, ആണ്‍കിളിയുടെ മനസ്സിലൂടെ സഞ്ചരിക്കുന്നതാണ് ‘വില്ക്കാന് വച്ചിരിക്കുന്ന പക്ഷികള്‍’ എന്ന കവിത. അനില്‍ പനച്ചൂരാനും മഹത്തായ ഭാരത പാരമ്പര്യത്തിന്റെ പിന്തുടര്ച്ചക്കാരനായ കവിയാണെന്ന് തെളിയിക്കുന്ന കവിതയാണിത്. മാനിഷാദ എന്നു തന്നെയാണ് ഇവിടെയും കവി പറയുന്നത്.
‘വലയില്‍ വീണ കിളികളാണു നാം
ചിറകൊടിഞ്ഞൊരിണകളാണു നാം
വഴിവിളക്കു കണ്ണു ചിമ്മുമീ
വഴിയിലെന്തു നമ്മള് പാടണം…
…………………………………………………..
വേടനിട്ട കെണിയില്‍ വീണു നാം
വേര്‍പെടുന്നു നമ്മളേകരായ്
കൂട്ടിലന്ന് പങ്കുവെച്ചൊരാള്‍
പൊന്‍കിനാക്കള്‍ ഇനി വിരിയുമോ…’
മനസ്സുനിറയെ പ്രണയം നിറച്ചാണ് അനില്‍ പനച്ചൂരാന് ജീവിച്ചത്. അത് സ്ത്രീയോടു മാത്രമുള്ള പ്രണയമായിരുന്നില്ല, സഹജീവികളോടുള്ള അഗാധമായ ഇഷ്ടത്തെ അദ്ദേഹം മികച്ച പ്രണയകവിതകളാക്കി. വാക്കുകള്‍ ഇത്രത്തോളം ചേര്‍ച്ചയുള്ള ശൈലിയാക്കാന്‍ കഴിയുന്ന കവികള്‍ ചുരുക്കമെന്ന് പറയുന്നത് അതിശയോക്തയല്ല.
കവി പ്രശസ്തനാകുന്നത് സംവിധായകന് ലാല്‍ ജോസ് കവിത കേള്‍ക്കാന്‍ ഇടയായതോടെയാണ്. അറബിക്കഥ എന്ന സിനിമയിലെ ‘ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം’ എന്ന ഗാനം അനിലിനെ സിനിമാ പാട്ടെഴുത്തുകാരനാക്കി. സിനിമാരംഗത്ത് പാടിയഭിനയിച്ചതും പനച്ചൂരാന് തന്നെയായിരുന്നു. ഇന്നും ഈ ഗാനത്തെ നെഞ്ചേറ്റി നടക്കുന്ന നിരവധിപേരുണ്ട്. അറബിക്കഥയ്ക്കു ശേഷം കഥ പറയുമ്പോള്‍ എന്ന സിനിമയിലെ ‘വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ…’ എന്ന ഹാസ്യരസം നിറഞ്ഞ ഗാനവും സൂപ്പര്‍ഹിറ്റായി. അറബിക്കഥ, ചിലനേരം ചില മനുഷ്യര്‍, യാത്ര ചോദിക്കാതെ തുടങ്ങിയ സിനിമകളില്‍ നടനായും അനില്‍ പനച്ചൂരാന് തിളങ്ങി. ഭ്രമരത്തിലെ മോഹന്‍ലാല്‍ പാടിയഭിനയിച്ച ‘അണ്ണാറക്കണ്ണാ വാ’, കുഴലൂതും പൂന്തെന്നലേ, സ്വന്തം ലേഖകനിലെ ‘ചെറുതിങ്കള്‍ത്തോണി’, മേരിക്കുണ്ടൊരു കുഞ്ഞാടിലെ ‘എന്റടുക്കെ വന്നടുക്കും’ ബോഡിഗാര്‍ഡിലെ ‘അരികത്താരായോ പാടുന്നുണ്ടോ..’ തുടങ്ങി മലയാളി എന്നും മനസ്സില്‍ മൂളാനാഗ്രഹിക്കുന്ന, കേള്‍ക്കാന്‍ കൊതിക്കുന്ന നിരവധി സിനിമാ ഗാനങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു.
‘ഒരു കവിത കൂടി ഞാന്‍ എഴുതിവെക്കാം, എന്റെ കനവില്‍ നീ എത്തുമ്പോള്‍ ഓമനിക്കാന്‍…’ എന്ന വരികള്‍ ഭാര്യയ്ക്ക് വേണ്ടിയെഴുതിയതാണ്. ആ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്…
‘ഹൃദയമാമാകാശ ചെരുവിലാ താരകം
കണ്ചിമ്മി നമ്മെ നോക്കുമ്പോള്‍
ഒരു മാത്ര കൂടി നീ ഇവിടെ നിന്നാല്‍
ഞാന്‍ ജനിമൃതികള്‍ അറിയാതെ പോകും….’
പ്രിയപ്പെട്ട കവി ഇനി നീലാകാശത്ത് തിളങ്ങി നില്ക്കുന്ന നക്ഷത്രം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: