ടൂറിന്: ഗോള്‍ അടിയില്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ മറികടന്ന് സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോ ഏക്കാലത്തെയും മികച്ച ഗോള്സ്കോര്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സീരി എയില്‍ ഉഡിനീസിനെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയതോടെയാണ് റൊണാള്‍ഡോ പെലെയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
പതിനെട്ട് വര്‍ഷത്തെ കാരിയറില്‍ ക്ലബ്ബിനും ദേശീയ ടീമിനുമായി റൊണാള്‍ഡോ നേടിയ ഗോളുകളകളുടെ എണ്ണം 758 ആയി. ഇതോടെ 757 ഗോളുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നിന്നിരുന്ന പെലെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇനി റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത് ജോസഫ് ബിക്കണ്‍ (759 ഗോളുകള്‍) മാത്രം. സീരി എയില്‍ നാളെ എസി മിലാനെതിരെ രണ്ട് ഗോളുകള്‍ കൂടി നേടിയാല്‍ റൊണാള്‍ഡോയ്്ക്ക് ബീക്കണിന്റെ റെക്കോഡ് മറികടക്കാം.
പോര്‍ച്ചുഗീസ് താരമായ റൊണാള്‍ഡോ 2002 ല്‍ സ്പോര്‍ടിങ് ലിസ്ബണിനായാണ് പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറിയത്. വിവിധ ക്ലബ്ബുകള്‍ക്കായി ഇതുവരെ 656 ഗോളുകള്‍ നേടി. പോര്‍ച്ചുഗീസ് ക്ലബ്ബായ സ്പോര്‍ട്ടിങ്ങിനായി മുപ്പത്തിമൂന്ന് മത്സരങ്ങളില്‍ അഞ്ചു ഗോളുകള്‍ നേടി. പിന്നീട് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറി. യുണൈറ്റഡിനായി 118 ഗോളുകള്‍ അടിച്ചു. തുടര്‍ന്ന് സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡിലെത്തിയ റൊണോ 438 കളികളില്‍ 450 ഗോളുകള്‍ കുറിച്ചു. റയലിന് യുവേഫ ചാമ്പ്യന്‍സ് കീരീടവും മൂന്ന് തവണ ലോക ക്ലബ്ബ് കിരീടവും രണ്ട് തവണ ലാ ലിഗ കിരീടവും നേടിക്കൊടുത്തു. ഇപ്പോഴത്തെ ക്ലബ്ബായ യുവന്റസിനായി ഇതുവരെ 104 മത്സരങ്ങള്‍ കളിച്ചു. 83 ഗോളുകളും നേടി. പോര്‍ച്ചുഗലിനായി 120 മത്സരങ്ങളില്‍ 102 ഗോളുകള്‍ അടിച്ചു. പതിനെട്ട് വര്‍ഷത്തെ കരിയറിനിടയില്‍ റൊണാള്‍ഡോ ഓരോ സീസണിലും ശരാശരി 42 ഗോളുകള്‍ വീതം നേടിയിട്ടുണ്ട്.
ബ്രസീലിയന്‍ താരമായ പെലെ 1956 മുതല്‍ 1977 വരെയുള്ള കാലയളവില്‍ ബ്രസീലിലെ സാന്റോസ് ക്ലബ്ബ്, ന്യൂയോര്‍ക്ക് കോസ്മോസ്, ബ്രസീല്‍ ടീമുകള്‍ക്കായാണ് 757 ഗോളുകള്‍ നേടിയത്. റൊണാള്‍ഡോയുടെ ഇരട്ടഗോളിന്റെ മികവില്‍ യുവന്റസ് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഉഡീനിസിനെ പരാജയപ്പെട്ടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: