ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസിന് പിന്നാലെ അനധികൃത വസ്തു ഇടപാടില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്കെതിരേ നടപടിയുമായി ആദായ നികുതി വകുപ്പ്. അനധികൃത വസ്തു ഇടപാടുമായി ബന്ധപ്പെട്ട് വാദ്രയില്‍ നിന്നും മൊഴിയെടുക്കാന്‍ കിഴക്കന്‍ ഡല്‍ഹിയിലെ സുഖ്ദേവ് വിഹാറിലുള്ള ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥരെത്തി.
രാജസ്ഥാനിലെ ബിക്കാനീറില്‍ പാവപ്പെട്ട ഗ്രാമീണരുടെ പുനരധിവാസത്തിനായി നിശ്ചയിച്ച ഭൂമി വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി സ്വന്തമാക്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 69.55 ഹെക്ടര്‍ ഭൂമി കുറഞ്ഞ വിലയ്ക്കു വാങ്ങി 5.15 കോടി രൂപയ്ക്കു മറ്റൊരു കമ്പനിക്ക് അനധികൃതമായി വിറ്റുവെന്നായിരുന്നു ആരോപണം.
2015ല്‍ വാദ്രയുടെ സ്ഥാപനത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് കള്ളപ്പണം വെളുപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലണ്ടനിലെ 12 മില്യണ്‍ പൗണ്ടിന്റെ വസ്തുവുമായി ബന്ധപ്പെട്ട കേസില്‍ റോബര്‍ട്ട് വാദ്രയ്ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടും ഇഡി വാദ്രയെ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: