അബുദാബി: ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ പുതുവത്സര മെഗാബമ്പർ 20ദശലക്ഷം ദിർഹം (40 കോടി ഇന്ത്യൻ രൂപയോളം) മലയാളിക്ക്. ബിഗ് ടിക്കറ്റിന്റെ ഏറ്റവും വലിയ സമ്മാനമാണിത്. 323601നമ്പർ ടിക്കറ്റിലൂടെ എൻ.വി അബ്ദുസലാമാണ് ഭാഗ്യശാലിയായത്. എന്നാൽ ഇദ്ദേഹത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഘാടകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
അബ്ദുസലാമിനെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ബിഗ്ടിക്കറ്റ് അധികൃതർ. അബ്ദുസലാമിനെ ആർക്കെങ്കിലും പരിചയമുണ്ടെങ്കിൽ ബിഗ് ടിക്കറ്റിലൂടെ ഏറ്റവും ഒടുവിൽ കോടീശ്വരനായ വ്യക്തി അദ്ദേഹമാണെന്ന് അറിയിക്കണമെന്നാണ് അധികൃതരുടെ ആവശ്യം. വിജയിയെ കണ്ടെത്താൻ സാധിക്കുന്നവർ അക്കാര്യം ബിഗ് ടിക്കറ്റ് ഹെൽപ് ഡെസ്കിൽ 02 201 9244 എന്ന നമ്പറിലോ അല്ലെങ്കിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കണമെന്നാണ് അധികൃതരുടെ അഭ്യർത്ഥന.
ടിക്കറ്റെടുത്തപ്പോൾ രണ്ട് ഫോൺ നമ്പറുകളാണ് അബ്ദുസലാം നൽകിയിരുന്നത്. രണ്ടു നമ്പറുകളിലും അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിക്കുന്നില്ല. കഴിഞ്ഞ തവണത്തെ ബമ്പർ വിജയിയായ ജോർജ് ജേക്കബാണ് നറുക്കെടുത്തത്. രണ്ടാം സമ്മാനമായ 30 ലക്ഷം ദിർഹം (ആറ് കോടിയോളം രൂപ) ലഭിച്ചത് ഇന്ത്യാക്കാരനായ സഞ്ജു തോമസിനാണ്. മൂന്നും നാലും അഞ്ചും നറുക്ക് യഥാക്രമം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അയർലൻഡ് സ്വദേശികൾക്ക് ലഭിച്ചു. ആറും ഏഴും നറുക്കുകളും ഇന്ത്യാക്കാർക്കാണ്. ബി.എം.ഡബ്ല്യു കാറിനുള്ള നറുക്കും ലഭിച്ചത് ഇന്ത്യാക്കാരിക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: