നെന്മാറ: ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും കോടിക്കണക്കിന് രൂപ ചെലവഴിച്ച് പോത്തുണ്ടിയില്‍ നിര്‍മിച്ച സാഹസിക ഉദ്യാനം ഇനിയും സഞ്ചാരികള്‍ക്കായി തുറന്നില്ല. സാഹസിക വിനോദ സഞ്ചാര പദ്ധതിയിലുള്‍പ്പെടുത്തിയാണ് അണക്കെട്ടിന് താഴെയായി 11 ഇനം വിവിധ റൈഡുകള്‍ സ്ഥാപിച്ചത്. 40 ഇനങ്ങളുമായി കുട്ടികളുടെ പാര്‍ക്ക്, തുറന്ന ജിംനേഷ്യം, സിപ്ലൈന്‍, സ്കൈ സൈക്കിളിംങ്, സ്കൈ സര്‍ഫിങ്, പോയിന്റ് ബോള്‍, നടപ്പാതകള്‍, ഓപ്പണ്‍ സ്റ്റേജ് തുടങ്ങിയവ സ്ഥാപിച്ചത്.
ജലസേചന വകുപ്പിന്റെ സ്ഥലത്ത് ജില്ലാ ടൂറിസം പ്രമേഷന് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഏഴ് കോടി രൂപയുടെ പദ്ധതിയില്‍ നാലു കോടി രൂപ ചിലവഴിച്ചാണ് ഒന്നാം ഘട്ട പദ്ധതി പൂര്‍ത്തിയാക്കിയത്.ഇതിനിടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് വിനോദ സഞ്ചാര മേഖലയ്ക്ക് ഇളവ് അനുവദിച്ചതോടെ നവംബര്‍ 22 നാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഒരു മാസത്തിനുള്ള കളിയുപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ അന്ന് പറഞ്ഞത്. പക്ഷേ ദിവസേന ആയിരത്തിലധികം സഞ്ചാരികള്‍ നെല്ലിയാമ്പതിയിലെത്തി തുടങ്ങിയിട്ടും പോത്തുണ്ടിയിലെ സാഹസിക ഉദ്യാനം ആസ്വാദിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി സാങ്കേതിക വിദഗ്ധരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ നീണ്ടുപോയതാണ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകിയെന്നാണ് അധികൃതര്‍ പറയുന്നത്. സവാരികള്‍ തുറന്നു കൊടുക്കുന്നതു സംബന്ധിച്ച് വിവിധ വകുപ്പുകളുടെ കൂടിയാലോചന നടന്നു. വിദഗ്ധരുടെ സംഘം ഉള്‍പ്പെടുന്ന ഏജന്‍സികളെ നിശ്ചയിക്കുന്നതിനുള്ള കരാര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. സുരക്ഷിതമായി കൈകാര്യം ചെയ്യാനും അറ്റകുറ്റപണികള്‍ നടത്തുന്നതിനും തയാറാകുന്ന ഏജന്‍സികളെ ഉടന്‍ കണ്ടെത്തി ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കി പ്രവേശന ഫീസ് നിരക്ക് നിശ്ചയിച്ച് ഏജന്‍സികളെ ഏല്‍പ്പിക്കുന്ന ജോലി വൈകാതെ തന്നെ നടത്താനാണു ശ്രമമെന്ന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറിയും, ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയറും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: