കാഞ്ഞങ്ങാട്: സന്തോഷത്തോടെ ഉല്ലസിച്ച് അവസാനിക്കേണ്ട യാത്ര അവസാനിച്ചത് പലരുടേയും ഉറ്റവരെ നഷ്ടപ്പെടുത്തി. കാസര്‍കോട് പാണത്തൂരിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ എത്തിച്ചവരുടേത് ദയനീയ കാഴ്ചകള്‍. അവിചാരിതമായുണ്ടായ അപകടത്തില്‍ പരുക്കേറ്റ പലര്‍ക്കും സ്ഥലകാലബോധം തന്നെ നഷ്ടപ്പെട്ടു. പലരും തങ്ങളുടെ ഉറ്റവരെ തേടി ആശുപത്രികളില്‍ അലയുകയായിരുന്നു.
കേരള-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ പാണത്തൂരിലാണ് അപകടം നടന്നത്. അതിര്‍ത്തി ഗ്രാമത്തിനുപരി മലയോര മേഖല കൂടിയാണിത്. ഇതിന് സമീപത്തെ ഏക ആശുപത്രി പൂടംങ്കല്‍ താലൂക്ക് ആശുപത്രിയാണ്. അപകടത്തില്‍പ്പെട്ടവരെ ഇവിടെ എത്തിക്കാന്‍ തന്നെ ഒരു മണിക്കൂര്‍ വേണമായിരുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സൗകര്യവും അടിസ്ഥാന സൗകര്യങ്ങളും തീരെയില്ലാത്ത പൂടംങ്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നാണ് ഗുരുതരമായി പരിക്കേറ്റവരെ കാഞ്ഞങ്ങാടും പിന്നീട് മംഗലാപുരത്തും പരിയാരത്തുമൊക്കെ മാറ്റിയത്. അതിനാലായിരിക്കണം മരണം ഏഴായത് എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
ബസ് മറിഞ്ഞതിന്റെ ആഘാതത്തില്‍ തെറിച്ച് വീണ് പലരുടെയും കൈകാലുകള്‍ പൊട്ടിയിട്ടുണ്ട്. തലയ്ക്കു സാരമായി പരുക്കേറ്റവരുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംസാരിക്കാന്‍ പോലുമാവാത്ത അവസ്ഥയായിരുന്നു. പലരും ആശുപത്രികളില്‍ തങ്ങളുടെ ഉറ്റവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ബസ്സിലെ യാത്രക്കാരി മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളിലെ അന്വേഷത്തില്‍ മാത്രമേ ഇതിനേ കുറിച്ച് വ്യക്തതവരൂ. കൊറോണയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ ഒരു ബസില്‍ 60 പേരില്‍ കൂടുതല്‍ സഞ്ചരിച്ചതും അന്വേഷണ പിരിധിയില്‍ വരും. അപകടം നടന്നയുടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയതിനാലാണ് കൂടുതല്‍ മരണങ്ങള് സംഭവിക്കാത്തതെന്നാണ് വിലയിരുത്തല്‍. പരിക്കേറ്റവരെ ജീപ്പിലും ഓട്ടോയിലും ഒക്കെയാണ് ആദ്യം ആശുപത്രിയില്‍ എത്തിച്ചത്.
ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളും ബസ്സിലുണ്ടായിരുന്ന സ്ത്രീകളും പറയുന്നത്. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു സ്ഥലത്തെത്തി. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി.ആര് മേഘശ്രീയെ ചുമതലപ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു.
ഡെപ്യൂട്ടി ഡിഇഒ വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയിലും ഡിഎംഒ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും അടിയന്തര നടപടികള്‍ക്ക് നേതൃത്വം നല്കി. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും, ആരോഗ്യമന്ത്രി കെ.കെ. ശൈലജയും അനുശോചനം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു.
ജില്ലാ പോലീസ് മേധാവി ശില്‍പ്പ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി സുജാത, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്, മുന്‍ ചെയര്മാന് വി.വി രമേശന് തുടങ്ങി നിരവധി പേര് ജില്ലാ ആശുപത്രിയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: