കൊച്ചി: നിക്ഷേപത്തട്ടിപ്പു കേസില്‍ എം സി കമറുദ്ദീന് എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ ജാമ്യം. മൂന്നു കേസുകളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മറ്റു കേസുകള്‍ ഉള്ളതിനാല്‍ കമറുദ്ദീന് പുറത്തിറങ്ങാനാകില്ല. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ആകെ 85 കേസുകളിലാണ് എം സി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. താന്‍ അറസ്റ്റിലായിട്ട് 56 ദിവസത്തിലധികമായെന്നും ഇതിനിടയില്‍ മൂന്നു തവണ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തുവെന്ന് ജാമ്യാപേക്ഷയില്‍ എം സി കമറുദ്ദീന് ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു അപേക്ഷ. വരുന്ന ആഴ്ചയില്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോകേണ്ടതുണ്ടെന്ന കാര്യവും ഒപ്പം ആരോഗ്യപ്രശ്നങ്ങളും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. കാസര്‍കോട് മേഖയില്‍ പ്രവേശിക്കില്ലെന്നും തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ തന്നെ തങ്ങാമെന്ന ഉറപ്പും ഹര്‍ജിയില്‍ നല്‍കിയിരുന്നു.
അതേസമയം, അന്വേഷണം തുടരുന്നതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ആരോഗ്യാവസ്ഥകൂടി കണക്കിലെടുത്ത് കോടതി ജാമ്യം നല്‍കുകയായിരുന്നു. കേസുകള്‍ നിലനില്‍ക്കുന്ന കാസര്‍കോട്ടെ സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരത്, ഒരുലക്ഷം രൂപയുടെ ബോണ്ട് എന്നീ വ്യവസ്ഥകളും ജാമ്യത്തിനായി കോടതി മുന്നോട്ടുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: