പുനലൂര്‍: വേനല്‍ ചൂട് കടുക്കുകയും കനാല്‍ ജലം വൈകിയാല്‍ കൃഷികള്‍ കരിഞ്ഞുണങ്ങുകയും ചെയ്യുമ്പോള്‍ സബ് കനാല്‍ വഴി ജലമൊഴുക്ക് ഇനിയും വൈകും. മെയിന്‍ കനാല്‍ വഴി ജലമൊഴുകി തുടങ്ങിയെങ്കിലും സബ് കനാല്‍ വഴി ജലമൊഴുക്കിയാല്‍ മാത്രമേ കൃഷിയിടങ്ങളില്‍ ജലമെത്തിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ സബ് കനാലുകള്‍ മാലിന്യ കൂമ്പാരമായി മാറിയിട്ടുള്ളതിനാല്‍ ശുചീകരണ ജോലികള്‍ മന്ദഗതിയില്‍ ആണ് മുന്നോട്ടു പോകുന്നത്.
പഞ്ചായത്തുകളില്‍ മാലിന്യശേഖരണ സംവിധാനങ്ങള്‍ ഫലപ്രദമല്ലാത്തതിനാല്‍ സബ് കനാലുകളില്‍ ആണ് ഏറെ ആളുകളും മാലിന്യം നിക്ഷേപിക്കുന്നത്. ഇതു മൂലം ശുചീകരണ ജോലികള്‍ പൂര്‍ത്തീകരിച്ചാലും മാലിന്യശേഖരത്തില്‍ നിന്നും ഒഴുകിയെത്തുന്ന ജലം മറ്റ് ജലസ്രോതസ്സുകള്‍ ഉള്‍പ്പെടെയുള്ളവയെ മാലിന്യവാഹിനികള്‍ ആക്കി മാറ്റുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരാഴ്ചകൊണ്ട് തീര്‍ക്കേണ്ട ജോലികള്‍ ഇതിനാല്‍ ഇനിയും വൈകും. കനാല്‍ ശുചീകരണ ജോലികള്‍ പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. മണ്ണ് ഒലിച്ചിറങ്ങി മണ്‍കൂനകള്‍ രൂപപ്പെട്ടിട്ടുള്ളതിനാല്‍ അത് കോരി മാറ്റുക എന്ന ശ്രമകരമായ ജോലികളാണ് ഇപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.
മുന്‍പ് കനാലുകളിലെ കാടുകള്‍ വൃത്തിയാക്കുക മാത്രമായിരുന്നു വര്‍ഷാവര്‍ഷം നടന്നിരുന്നത്. എന്നാല്‍ ഇക്കുറി മണ്ണ് മാറ്റല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ഉള്ളതിനാല്‍ ഇതു വഴി ജലമൊഴുകാന്‍ കാലതാമസ്സം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: