കൊല്ലം: കൊല്ലം തോടിന്റെ വികസനപ്രവര്‍ത്തനം നിര്‍ദിഷ്ട കാലയളവായ മാര്‍ച്ച് 31നകവും പൂര്‍ത്തിയായേക്കില്ല. ദേശീയ ജലപാതയുടെ ഭാഗമാണ് തോട്. മൂന്നാമത്തെ റീച്ചായ കച്ചിക്കടവ് മുതല്‍ ബീച്ചിന് സമീപത്തെ ജലകേളികേന്ദ്രം വരെയാണ് പണി സ്തംഭിച്ചിരിക്കുന്നത്.
കരാര്‍ കാലാവധി മാര്‍ച്ച് 20വരെ നീട്ടി നല്കിയ കച്ചിക്കടവ്-ജലകേളികേന്ദ്രം റീച്ചിന്റെ പണി സ്തംഭനാവസ്ഥയിലായതിന് പിന്നില്‍ കരാറുകാരനാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.
അഷ്ടമുടിക്കായല്‍ മുതല്‍ പരവൂര്‍ കായലില്‍ താന്നി വരെയുള്ള കൊല്ലം തോട് ആറ് റീച്ചുകളായാണ് നവീകരണപ്രവര്‍ത്തനം തുടങ്ങിയത്. ഇതില്‍ നാല് റീച്ചിന്റെ പണികള്‍ പൂര്‍ത്തിയായി. 1.8 കിലോമീറ്ററാണ് മൂന്നാംറീച്ചിലുള്ളത്. ഇരവിപുരം മുതല്‍ കച്ചിക്കടവ് വരെയുള്ള രണ്ടാമത്തെ റീച്ചിന്റെ പണി പുരോഗമിക്കുന്നുണ്ട്. ഇത് മാര്‍ച്ചില്‍ തീരുമെന്നാണ് പ്രതീക്ഷ. മറ്റ് റീച്ചുകളുടെ പണി പൂര്‍ത്തിയായെങ്കിലും ഒഴുക്കു തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ പോള നിറഞ്ഞിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്നോടിയായി മാത്രമെ ഇതെല്ലാം നീക്കം ചെയ്യാന്‍ സാധ്യതയുള്ളൂ.
എങ്ങുമെത്താതെ പുതിയ കല്ലുപാലവും
കൊല്ലം തോടിന്റെ ഭാഗമായ കല്ലുപാലത്തിന്റെ നിര്‍മാണം എങ്ങുമെത്തിയില്ല. വേഗതയില്ലായ്മ തന്നെയാണ് കാരണം. ഇരുവശങ്ങളിലും എട്ടുവീതം പില്ലറുകള്‍ തീര്‍ക്കേണ്ടതുണ്ട്. ഏഴു പില്ലറുകളുടെ കോണ്‍ക്രീറ്റിംഗ് മാത്രമാണ് പൂര്‍ത്തിയായത്. ഇനി 9 പില്ലര്‍ തീര്‍ക്കാനുണ്ട്. 65 മീറ്റര്‍ വരെ ആഴത്തിലാണ് പൈലിംഗ് നടത്തുന്നത്.
കൊല്ലം കമ്പോളത്തിലേക്കും മെയിന്‍ റോഡിലേക്കും പോകാനുള്ള പ്രധാന പാലമാണിത്. ഇത് ഒരു വര്‍ഷം മുമ്പാണ് പൊളിച്ചിട്ടത്. എട്ടുമാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ തൊഴിലാളികളെ കിട്ടാതായതും കരാറുകാരുടെ സമരവും നിര്‍മാണത്തെ ബാധിച്ചതായാണ് അധികൃതരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: