പൂവാര്‍: കുഴഞ്ഞുവീണ മരിച്ചയാള്‍ക്ക് കോവിഡ് പോസിറ്റീവ് എന്ന് ആരോഗ്യവകുപ്പിന്റെ ആദ്യ അറിയിപ്പ്. മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചപ്പോള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചത് കോവിഡ് ബാധിച്ചിട്ടില്ലെന്ന ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. ഇതോടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തി.
പൂവാര്‍ അരുമാനൂര്‍ മേലേചൂഴാറ്റ് പുത്തന്‍വീട്ടില്‍ മുരുകേശനാശാരി(70)യുടെ മൃതദേഹമാണ് ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം ബന്ധുക്കള്‍ക്കുപോലും കാണാനാകാതെ പൊതുശ്മശാനത്തില്‍ സംസ്കരിക്കേïിവന്നത്. ബുധനാഴ്ച വൈകിട്ടാണ് മുരുകേശനാശാരി പൂവാറിനടുത്ത് കുഴഞ്ഞുവീണത്. ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോവിഡ് പരിശോധനയ്ക്കായി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് ബന്ധുക്കളെ അറിയിച്ചത്. മെഡിക്കല്‍കോളേജിലെ സെക്യൂരിറ്റി വിഭാഗത്തില്‍നിന്ന് പൂവാര്‍ പോലീസിനാണ് അറിയിപ്പ് എത്തിയത്. പോലീസ് ആരോഗ്യവകുപ്പിന് വിവരം കൈമാറി.
ഇതിന്‍പ്രകാരം സമ്പര്‍ക്കത്തില്‍ പെട്ടവരെ ക്വാറന്റൈന് ചെയ്യിപ്പിക്കാനും മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിക്കാനും തീരുമാനിച്ചു. മാറനല്ലൂര്‍ പഞ്ചായത്തിന്റെ അനുമതിവാങ്ങി വെള്ളിയാഴ്ച ഉച്ചയോടെ കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചു. സംസ്കാരശേഷം ബന്ധുക്കള്‍ക്ക് ലഭിച്ച സന്ദേശത്തിലാണ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ മുരുകേശന്റെ മൃതദേഹം കോവിഡ് നെഗറ്റീവ് എന്ന അറിയിപ്പ് വന്നത്. ഫലം മാറിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ്. സുഭദ്രയാണ് മുരുകേശനാശാരിയുടെ ഭാര്യ. മക്കള്‍: നന്ദിനി, സുനില്‍കുമാര്‍, സുകന്യ. മരുമക്കള്‍: ശിവന്‍കുട്ടി, ശരണ്യ, സന്തോഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: