പേട്ട: പ്രഭുല്ലകുമാറിന്റെ ആത്മഹത്യയെ തുടര്‍ന്ന് നാട്ടുകാരും ജീവനക്കാരും കമ്പനിനടയില്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ അട്ടിമറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആത്മഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കമ്പനി മാനേജ്മെന്റും സര്‍ക്കാരും പ്രഭുല്ലകുമാറിന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ നഷ്ടപരിഹാരത്തുക കൃത്യമായി പറയാതെ മന്ത്രി കടകംപള്ളിയുടെ തന്ത്രപൂര്‍വമുള്ള ഇടപെടല്‍ പ്രതിഷേധത്തെ അട്ടിമറിച്ചു.
രാവിലെയോടെ കമ്പനിപരിസരം ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് വേദിയായി. മാനേജ്മെന്റ് പ്രതിനിധി സ്ഥലത്തെത്തി പ്രഭുല്ലകുമാറിന്റെ ആത്മഹത്യയ്ക്ക് സമാധാനം പറയണമെന്നും കളകടറുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്താല്‍ മതിയെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു. പത്തുമണി കഴിഞ്ഞിട്ടും പ്രതിഷേധത്തിന് പരിഹാരമുണ്ടായില്ല. ഒടുവില്‍ എല്ലാവരും സംഘടിച്ച് പ്രതിഷേധവുമായി റോഡിലേക്കിറങ്ങി. റോഡ് ഉപരോധിക്കുമെന്നായപ്പോള്‍ ഉച്ചയോടെ സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി എത്തി ഇന്‍ക്വസ്റ്റ് കഴിഞ്ഞ് തീരുമാനമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കി പ്രതിഷേധക്കാരെ അനുരഞ്ജനത്തിലെത്തിച്ചു.
എന്നാല്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായിട്ടും തീരുമാനമുണ്ടായില്ല. ജീവനക്കാരും നാട്ടുകാരും വീണ്ടും പ്രതിഷേധവുമായി റോഡിലിറങ്ങി. ഇതിനിടെ മാനേജ്മെന്റ് പ്രതിനിധികള്‍ പേട്ട സ്റ്റേഷനിലെത്തി അസിസ്റ്റന്റ് കമ്മീഷണറുമായി ചര്‍ച്ച നടത്തി പിരിഞ്ഞു. ഇതുസംബന്ധിച്ച വിവരം പോലീസ് വെളിപ്പെടുത്തിയില്ല. പകരം എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നായിരുന്നു ജീവനക്കാര്‍ക്ക് നല്കിയ വിശദീകരണം. സബ്കളകടറുടെ സാന്നിധ്യത്തില്‍ പ്രദേശവാസികളുടെ പ്രതിനിധികളും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമായും ട്രേഡ് യൂണിയന് പ്രതിനിധികളുമായും ചര്‍ച്ച നടന്നു. കമ്പനി കാര്യവും പ്രഭുല്ലകുമാറിന് നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ചായിരുന്നു ചര്‍ച്ച.
ഒടുവില്‍ ഈ ചര്‍ച്ചയും അന്തിമ തീരുമാനത്തിലെത്തിയില്ല. കെപിഎംഎസിലെ ചിലര്‍ ചര്‍ച്ചയ്ക്കിടയില്‍ എത്തി. സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം അനുവദിപ്പിക്കാമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന് സമ്മതിച്ചതായി പറഞ്ഞ് അവര്‍ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക വ്യക്തമാക്കിയില്ല. ഈ വിവരം കളക്ടര്‍ മൃതദേഹം ആംബുലന്‍സില്‍ കയറ്റി വിട്ടശേഷമാണ് പുറത്തറിയിച്ചത്. പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യത്തിന് പരിഹാരം കാണാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. എന്നാല്‍ മന്ത്രി തന്ത്രപൂര്‍വ്വം ജീവനക്കാരുടെ ആവശ്യത്തെ അട്ടിമറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: