തൊടുപുഴ: വാഗമണ്‍ നിശാ പാര്‍ട്ടി കേസില്‍ അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. ശനിയാഴ്ച കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മാറ്റി.
സിപിഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിന്ന് ഡിസംബര്‍ 20ന് രാത്രിയിലാണ് നിശാപാര്‍ട്ടിക്കിടെ 59 പേര് പിടിയിലായത്. ഇവരില്‍ 9 പേര്‍ക്കെതിരെയാണ് നിലവില്‍ കേസുള്ളത്. വലിയ തോതിലുള്ള മയക്ക്മരുന്നുകളും സ്ഥലത്ത് നിന്ന് പിടികൂടിയിരുന്നു.
കൊച്ചി സ്വദേശിയും നടിയുമായ ബ്രെസ്റ്റി വിശ്വാസ് ഒഴികെയുള്ള എട്ട് പ്രതികളെ ക്രൈംബ്രാഞ്ചിന് കഴിഞ്ഞ ദിവസം നാര്‍കോട്ടിക്സ് കോടതി കസ്റ്റഡിയില്‍ നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. മധുവിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഓരോരുത്തരെയും പ്രത്യേകമിരുത്തി ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. ഇതിനായി വിവിധ ഉദ്യോഗസ്ഥര്‍ക്ക് ചുമതലയും നല്‍കിയിരുന്നു. ഇവര്‍ ഇതിന്റെ വിവരങ്ങള്‍ എസ്പിക്ക് കൈമാറി.
ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പൂര്‍ണ്ണമായും പഠിക്കാനുള്ള സമയം ലഭിച്ചില്ലെന്ന് എസ്പി മധു ജന്മഭൂമിയോട് പറഞ്ഞു. പ്രതികളെ എത്തിച്ച് തെളിവെടുപ്പിനടക്കം സമയം കിട്ടിയില്ല. വിവരങ്ങള്‍ പൂര്‍ണ്ണമായും പഠിച്ച ശേഷം കേസ് ആദ്യം മുതല്‍ അന്വേഷിക്കും. മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോ എന്നതടക്കം പരിശോധിക്കും. ഇത്തരത്തില്‍ കണ്ടെത്തിയാല്‍ തെളിവ് ശേഖരിച്ച് കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ നിരവധി പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇവരിലേക്ക് എത്താനോ അന്വേഷണം ജില്ലയ്ക്ക് വെളിയിലേക്ക് വ്യാപിപിക്കാനോ ലോക്കല്‍ പോലീസിന് ആവാതെ വന്നതോടെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്.
കേസില്‍ പ്രതികള്‍ പിടിയിലായെങ്കിലും മയക്ക് മരുന്നിന്റെ ഉറവിടം, പ്രധാന ആസൂത്രകരാരെങ്കിലും കാണാമറയത്തുണ്ടോ, പാര്‍ട്ടിയുടെ പിന്നിലെ ലക്ഷ്യങ്ങള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഇനിയും പുറംലോകത്തെത്തിയിട്ടില്ല.
പാര്ട്ടിക്കെത്തിച്ചതില് അധികവും ഹിന്ദു പെണ്കുട്ടികളാണെന്നിരിക്കെ ഇത് കേന്ദ്രീകരിച്ചും അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്. മതം മാറ്റവും ലൗവ് ജിഹാദും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വരെയും ഇതിന് പിന്നിലുള്ളതായി ഹൈന്ദവ സംഘടനകളും ആരോപണം ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: