മറയൂര്‍: മറയൂര്‍-കാന്തല്ലൂര്‍ മേഖലയില്‍ കഴിഞ്ഞ ഒന്നരമാസത്തില്‍ അധികമായി തുടരുന്ന കനത്ത മഴയിലും മഞ്ഞിലും വലഞ്ഞ് ശീതകാല കര്‍ഷകരും നെല്‍ കര്‍ഷകരും.
മഴനിഴല്‍ പ്രദേശമായ മറയൂര്‍ മലനിരകളില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് പൊതുവെ മഴ അനുഭവപ്പെടാറുള്ളത്. ഈ മാസങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പും അനുഭപ്പെടാറുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പകല്‍ തെളിഞ്ഞ കാലാവസ്ഥയും രാത്രി തണുപ്പുള്ളതുമായ കാലാവസ്ഥയാണ് മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നത്. ശീതകാല വിളകള്‍ കൃഷി ചെയ്യുന്നതിന് തടസമാകാത്തതിനാല് മികച്ച ഉത്പാദനത്തിനും കാലാവസ്ഥ അനുയോജ്യമായിരുന്നു.
എന്നാല്‍ നവംബര്‍ മാസം പകുതി മുതല്‍ അനുഭപ്പെടുന്ന കനത്ത മഴയും തുടര്‍ച്ചായി എല്ലാ ദിവസങ്ങളും അനുഭവപ്പെടുന്ന മുടല്‍ മഞ്ഞും കാരണം കൃഷി പണികള്‍ എല്ലാം മുടങ്ങിയിരിക്കുകയാണ്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുതുതായി കൃഷി ഇറക്കിയ നെല്‍കര്‍ഷകര്‍ക്ക് നെല്ല് കൊയ്യുന്നതിനും കൊയ്തെടുത്തവ സംരക്ഷിക്കുന്നതിനും തടസ്സമായിരിക്കുകയാണ് പ്രതികൂല കാലാവസ്ഥ.
ആയിരകണക്കിന് രൂപയുടെ നഷ്ടമാണ് നെല്‍കര്‍ഷകര്‍ക്ക് വന്നിരിക്കുന്നത്. വേനല്‍കാല പഴങ്ങളായ പീച്ച്, പ്ലംസ്, മരത്തക്കാളി, സീതപ്പഴം, സ്ട്രോബറി എന്നിവ പൂവിടുന്നത് ജനുവരി ആദ്യമാസങ്ങളിലാണ്. കനത്ത മൂടല്‍ മഞ്ഞില്‍ വിരിയുന്ന പൂക്കള്‍ സമീപ ദിവസങ്ങളില്‍ തന്നെ കൊഴിഞ്ഞ് നശിക്കുമെന്നതിനാല്‍ കനത്ത നഷ്ടമുണ്ടാകുമെന്നാണ് പരമ്പരാഗത കര്‍ഷകര്‍ പറയുന്നത്.
കനത്ത മഴയും മഞ്ഞും കാരണം വിഷു- ഈസ്റ്റര്‍ ലക്ഷ്യം വച്ചുള്ള വിപണിയിലേക്ക് കൃഷിപണികള്‍ ആരംഭിക്കാന്‍ പോലും കഴിയാത്തതിന്റെ ആശങ്കയിലാണ് കര്‍ഷകര്‍. തുടര്‍ച്ചയായ കോടമഞ്ഞില്ലാതെ നൂല് മഴയും തണുപ്പും നിറഞ്ഞ കാലാവസ്ഥയാണ് കാബേജ്, ക്യാരറ്റ്, ക്വാളിഫ്ളവര്‍, ബീറ്റ് റൂട്ട്, തുടങ്ങിയ വിളകള്‍ക്ക് ഏറെ അനുയോജ്യം, കാലാവസ്ഥ അനുയോജ്യമായാല്‍ മാത്രമെ കൃഷിപണികള്‍ ആരംഭിക്കാന്‍ കഴിയു എന്ന് കര്‍ഷകനായ ശേഖര്‍ പറയുന്നു.
കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വിനോദ സഞ്ചാരമേഖലക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കിയിരിക്കുകയാണ് മറയൂര്‍ മലനിരകളിലും താഴ്വാരത്തിലും അനുഭവപ്പെടുന്ന മൂടല്‍ മഞ്ഞ്. കോവിഡിനെ തുടര്‍ന്ന് വീടുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ഏറെ ആശ്വാസവും അത്ഭുതവും നിറഞ്ഞ കാഴിച്ചകളാണ് മറയൂര്‍ മലനിരകളില്‍. തരിശ് പാടങ്ങള്‍ വരെ പച്ചവിരിച്ച് പാടങ്ങള്‍ ആയതും. മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടങ്ങളും കുഞ്ഞരുവികളും നീര്‍ച്ചാലുകളും സജീവമായതും പ്രകൃതിയെ ആകര്‍ഷകമാക്കി. ജീപ്പ് സഫാരിയും, ട്രക്കിങ്ങും, ഹോട്ടല്‍ വ്യാപാരവും പ്രദേശിക ഉത്പന്നങ്ങളുടെ വിപണിയും വിനോദ സഞ്ചാരികളുടെ വരവോടെ സജീവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: