കാസര്‍കോട്: കാഞ്ഞങ്ങാട് പാണത്തൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് മരണം. 11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അറുപതോളം പേര് ബസ്സില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. കര്‍ണാടക സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള കര്‍ണാടകയിലെ ഈശ്വരമംഗലത്തു നിന്നു കര്‍ണാടകയിലെ തന്നെ ചെത്തുകയത്തേക്കു വിവാഹത്തില്‍ പങ്കെടുക്കാനായി വന്ന വധുവിന്റെ വീട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്. അതിര്‍ത്തി കടന്ന് കേരളത്തിലേക്കു പ്രവേശിച്ച് പാണത്തൂര്‍ എത്തുന്നതിന് മൂന്നു കിലോമീറ്റര്‍ മുന്‍പായിരുന്നു അപകടം. പരിയാരത്തെ കുത്തനെയുള്ള ഇറക്കത്തില്‍ വച്ച് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ ജോസ് എന്നയാളുടെ ആള്‍ത്താമസമില്ലാത്ത വീടിനു മുകളിലേക്ക് 10 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. വീട് ഭാഗികമായി തകര്‍ന്നു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും കുറ്റിക്കോല്‍ കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും ചേര്‍ന്ന് ആശുപത്രയിലെത്തിക്കുകയായിരുന്നു.
അര്‍ധമൂല സ്വദേശി നാരായണ നായിക്കിന്റെ മകന് ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ശേഷമ്മ (39), ബെല്‍നാട് സ്വദേശി രാജേഷ് (45) ബണ്ട്വാള്‍ സ്വദേശി ശശിധര പൂജാരി (43) പുത്തൂര്‍ സ്വദേശിനി സുമതി (50), പുത്തൂര്‍ സ്വദേശി ആദര്‍ശ് (14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശിധര പൂജാരി മംഗലാപുരത്തെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അഞ്ചു മൃതദേഹങ്ങള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ഒരു മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണുള്ളത്. പോസ്റ്റുമോര്‍ട്ടം എത്രയും വേഗം പൂര്‍ത്തിയാക്കി ഇന്നു തന്നെ ബന്ധുക്കള്‍ക്ക് മ്യതദേഹങ്ങള്‍ വിട്ടുകൊടുക്കും.
ബസ് വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. പരിക്കേറ്റ 39 പേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള 11 പേരെ മംഗലാപുരത്തെ ആശുപത്രികളിലേക്കും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നിസാര പരിക്കേറ്റവരെ ഇന്നലെ രാത്രിയോടെ തന്നെ കര്‍ണാടകത്തിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: