തിരുവനന്തപുരം:കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രകാരമാണ് കേരളത്തില്‍ കൊവിഡ് വാക്സിന് വിതരണം ചെയ്യുകയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
കേന്ദ്രത്തില്‍ നിന്നുള്ള വാക്സിന് ലഭിച്ചാലുടന്‍ അത് വിതരണം ചെയ്യാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിനായ കോവാക്സീനും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുടെ കൊവിഡ് വാക്സിനായ കോവിഷീല്‍ഡും ആണ് കേന്ദ്രം ഇപ്പോള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അന്തിമതീരുമാനം പ്രഖ്യാപിച്ചിരുന്നു.
ഐസ് ലൈന്ഡ് റഫ്രിജറേറ്ററുകളും കോള്‍ഡ് ബോക്സുകളും തയ്യാറാണെന്നും വാക്സിന് ആദ്യം വിതരണം ചെയ്യേണ്ട സ്ഥലങ്ങളുടെ പട്ടിക മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കിക്കഴിഞ്ഞെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. നേരത്തെ ഭാരത് ബയോട്ടെക്കിന്റെ കോവാക്സിന് കേന്ദ്രം അംഗീകാരം നല്‍കിയതിനെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനത്തിനുള്ള പരോക്ഷമായ മറുപടി കൂടിയാണ് ശൈലജ ടീച്ചറുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: