ഇടുക്കി: മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രധാന മേഖലയെ പരിസ്ഥിതി ലോലമായി പ്രാഖ്യാപിച്ചതിന് പിന്നാലെ കസ്തൂരി രംഗന് മോഡല്‍ മുതലെടുപ്പിന് പാര്‍ട്ടികള്‍ രംഗത്ത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കുപ്രചരണം. മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തിന് ചേര്‍ന്നുകിടക്കുന്ന 17.5 ച.കി.മീ. സ്ഥലമാണ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനമിറക്കിയത്.
ആഗസ്റ്റ് 13ന് കരട് വിജ്ഞാപനമിറങ്ങിയപ്പോള്‍ അഭിപ്രായ രൂപീകരണത്തിന് പോലും തയാറാകാത്ത രാഷ്ട്രീയ പാര്‍ട്ടികളാണ് അന്തിമ വിജ്ഞാപനത്തിന് ശേഷം കസ്തൂരിരംഗന്‍ മോഡല്‍ കുപ്രചരണം ആരംഭിച്ചിരിക്കുന്നത്. 12.8 ചതുരശ്ര കിലോമീറ്റര്‍ ദേശീയോദ്യാനമാണെന്നിരിക്കെയാണ് വ്യാപകമായി ജനവാസമേഖലയുള്പ്പെടുത്തിയെന്ന കുപ്രചരണം നടക്കുന്നത്. എന്നാല്‍ റവന്യൂ, തദ്ദേശ ഉദ്യോഗസ്ഥര്‍ക്ക് ജനവാസമേഖല ഉള്‍പ്പെട്ടതായുള്ള വിവരം ലഭിച്ചിട്ടില്ലെന്നുള്ളതാണ് വസ്തുത. പ്രദേശവാസികളുമായി ചര്‍ച്ച നടത്തി മാത്രമായിരിക്കും ലോല മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളെന്നാണ് ഉദ്യോഗസ്ഥരും പറയുന്നു.
പ്രഖ്യാപിത മേഖലയില്‍ അധികവും തോട്ടം മേഖലയാണെന്നിരിക്കെ അടിസ്ഥാനരഹിത ആരോപണമുന്നയിച്ച് ജനവികാരം ഇളക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് അടിസ്ഥാന നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന കര്‍ശന നിര്‍ദ്ദേശമുണ്ടെങ്കിലും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രചരണം ജില്ലയിലാകമാനം ആരംഭിച്ചുകഴിഞ്ഞു.
പരിസ്ഥിതി സൗഹൃദ നിര്‍മ്മാണത്തിന് തടസമുണ്ടാകില്ലെന്നുറപ്പുണ്ടായിട്ടും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരണം നടക്കുന്നതിനെതിരെ പരിസ്ഥിതി സംഘടനകളും രംഗത്തെത്തി. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിഷയത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയതും ഇതേരീതിയില്‍ തെറ്റിധരിപ്പിക്കുന്ന പ്രചരണമായിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു പിന്തുണയില്‍ മത്സരരംഗത്തിറങ്ങി എംപി സ്ഥാനം നേടിയതോടെ സമരവും അവസാനിപ്പിച്ചിരുന്നു. ഒരുതരത്തിലും ജനത്തെ ബാധിക്കാത്ത വിഷയത്തെ ഉയര്‍ത്തി ഭീതിപര്ത്തുന്നതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണെന്നാണ് പരിസ്ഥിതി സ്നേഹികളുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: