ന്യൂദല്‍ഹി : രണ്ട് കൊവിഡ് പ്രതിരോധ വാക്സിന് വിതരണാനുമതി നല്‍കിയതില്‍ ഇന്ത്യയെ ലോകാരോഗ്യ സംഘടന അടക്കം അഭിനന്ദിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കൊവാക്സിന് അനുമതി നല്കിയ നടപടി അപക്വവും അപകടകരവുമാണ്. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് വിശദീകരണം നല്‍കണമെന്ന് ശശി തരൂര്‍ ട്വിറ്ററിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവാക്സിന് മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടില്ല. ഇതിന് മുമ്പ് അനുമതി നല്‍കിയതിന് എതിരെയാണ് ശശി തരൂര്‍ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. എന്നാല്‍ അടിയന്തരഘട്ടങ്ങളില്‍ പൂര്‍ണ പരീക്ഷണങ്ങള്‍ നടത്തിയില്ലെങ്കിലും ചില വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗ അനുമതി നല്കാന് കഴിയുമെന്ന പുതിയ ഡ്രഗ്സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് നിയമം (2019) ഉപയോഗിച്ചാണ് ഈ രണ്ട് വാക്സിനുകള്‍ക്കും നിലവില്‍ അടിയന്തര ഉപയോഗ അനുമതി നല്‍കിയിരിക്കുന്നത്.
ഒരേസമയം രണ്ട് കോവിഡ് വാക്സിനാണ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ നടപടി സ്വീകരിച്ച ലോകത്തിലെ ആദ്യ രാജ്യം കൂടിയാണ്. വാക്സിന് വിതരണത്തിന് അനുമതി നല്‍കിയതില്‍ ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് ലോകാരോഗ്യ സംഘടന പ്രതികരിച്ചത്.
അതേസമയം വാക്സിനുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഡിസിജിഐ പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രാലയം മാധ്യമങ്ങളെ കാണുന്നുണ്ട്. ഇതുസംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിസിഐ കൊവിഷീല്‍ഡിനും കൊവാക്സിനും അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ചതോടെ വാക്സിനുകള്‍ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിച്ച് ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: