ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷ സോണിയയ്ക്കും മുന്‍ അധ്യക്ഷന്‍ രാഹുലിനും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കാര്‍ത്തി ചിദംബരം. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ജംബോ കമ്മിറ്റികളുണ്ടാക്കിയ നടപടിക്കെതിരെയാണ് കാര്‍ത്തി രംഗത്തെത്തിയത്. സോണിയയെയും രാഹുലിനെയും പരാമര്‍ശിച്ചു കൊണ്ടായിരുന്നു കാര്‍ത്തിയുടെ ട്വീറ്റ്.
വലിയ കമ്മിറ്റികള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കാര്‍ത്തി പറഞ്ഞു. സൂപ്പര്‍ ജംബോ കമ്മിറ്റിക്ക് പകരം ശക്തമായ ഒരു കമ്മിറ്റിയാണ് വേണ്ടത്. നിരവധി കമ്മിറ്റികള്‍ കൊണ്ട് ഒരു ഉപകാരവുമില്ല. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ആധികാരികതയും ഉത്തരവാദിത്വവുമുള്ള കമ്മിറ്റിയാണ് ആവശ്യമെന്നും കാര്‍ത്തി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് കോണ്‍ഗ്രസ് ഘടകം ഭാരവാഹികളെ പ്രഖ്യാപിച്ചത്. 32 വൈസ് പ്രസിഡന്റുമാര്‍, 57 ജനറല്‍ സെക്രട്ടറിമാര്‍, 104 സെക്രട്ടറിമാര്‍, 56 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, 200 മറ്റ് അംഗങ്ങള്‍, ട്രഷറര്‍മാര്‍ എന്നിവരുണ്ട് കമ്മിറ്റിയില്‍. ഇതിനെതിരെയാണ് കാര്‍ത്തിയുടെ പടയൊരുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: