ഡിണ്ടിഗല്‍: തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ മുന്‍ വനിതാ കോണ്‍സ്റ്റബിളിന്റെ ചീഞ്ഞഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ബന്ധുവും പാസ്റ്ററും അറസ്റ്റില്‍. അന്നെ ഇന്ദിര (38) യുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പാസ്റ്റര്‍ സുദര്‍ശനം, ഇന്ദിരയുടെ സഹോദരി വാസുകി എന്നിവരാണ് പിടിയിലായത്. രോഗം ബാധിച്ചു മരിച്ച ഇന്ദിര ഉയിര്ത്തെഴുന്നേല്ക്കുമെന്ന് വിശ്വസിച്ചാണത്രേ ഇവര്‍ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് പട്ടിവീരന് പട്ടിയിലെ വാടക വീട്ടില്‍ സൂക്ഷിച്ചിരുന്നത്.
പാസ്റ്ററുടെ സുവിശേഷം കേട്ട് മതംമാറിയയാളാണ് ഇന്ദിരയുടെ മൂത്ത സഹോദരി വാസുകി. ഇന്ദിരയും മതംമാറാന്‍ ഒരുങ്ങുകയായിരുന്നു. ഇതിനെ ഭര്‍ത്താവ് പാല്‍രാജും രണ്ടു പെണ്മക്കളും എതിര്‍ത്തതോടെ ഇവര്‍ വാസുകിയ്ക്കും പാസ്റ്റര്ക്കുമൊപ്പമായി താമസം. രോഗ ബാധിതയായ അവര്‍ സ്വയം വിരമിച്ചിരുന്നു.
കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകയായ കോണ്‍സ്റ്റബിള്‍, ഇന്ദിരയെ കാണാന്‍ എത്തിയിരുന്നു. അവരെ കാണാനായില്ലെന്നു മാത്രമല്ല വീട്ടില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം ഉയരുന്നതും അവരുടെ ശ്രദ്ധയില്‍ പെട്ടു. ഇന്ദിര ഉറങ്ങുകയാണെന്നും ഉണരുമെന്നുമാണ് വാസുകി പറഞ്ഞത്. തുടര്‍ന്ന് അവര്‍ നടത്തിയ തെരച്ചിലിലാണ് തുണിയിട്ട് മൂടിയ നിലയില്‍ അഴുകിയ മൃതദേഹം കെണ്ടത്തിയത്. ഡിസംബര്‍ ഏഴിനാണ് അവര്‍ രോഗം മൂര്‍ച്ഛിച്ച് മരിച്ചത്. ഉയിര്ത്തെഴുന്നേല്ക്കുമെന്ന് പറഞ്ഞ് പ്രാര്‍ഥനയും മറ്റുമായി കഴിയുകയായിരുന്നു പാസ്റ്ററും വാസുകിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: