രാജ്യത്തെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ 28ാം സ്ഥാനമാണ് ഇത്തവണ കേരളത്തിന്. റാങ്കിംഗിന്റെ രീതിശാസ്ത്രത്തെ ചോദ്യം ചെയ്തും കേരളമുണ്ടാക്കിയ നേട്ടങ്ങള്‍ മുന്നോട്ടു വെച്ചുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചത്.
സംസ്ഥാനത്ത് നിക്ഷേപക സൗഹൃദ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും നിയമങ്ങളില്‍ മാറ്റം വരുത്തിയതും നടപടികള്‍ ലളിതമാക്കിയതും സംരംഭകര്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ സാധിച്ചെന്നും ചൂണ്ടിക്കാട്ടുകയാണ് സംസ്ഥാന വ്യവസായ മന്ത്രി ഇ പി ജയരാജന്..
ബിസിനസ് വോയിസിനു നല്കിയ അഭിമുഖം.
വ്യവസായത്തിന് യോജിച്ച അന്തരീക്ഷമല്ല സംസ്ഥാനത്ത് നിലനില്ക്കുന്നതെന്ന പൊതുധാരണ കുറെക്കാലമായി സജീവമാണ്. ഇത്തരമൊരു വാദഗതിക്ക് ബലമേകുന്ന തരത്തില്‍ പല വിവാദങ്ങളുമുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?
വ്യവസായങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും അനുകൂലമല്ല കേരളത്തിലെ സാഹചര്യം എന്ന പ്രചരണങ്ങള്‍ അസത്യമെന്ന് തെളിയിക്കുന്ന നടപടികളും നേട്ടങ്ങളുമാണ് ഈ സര്‍ക്കാരിന് ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കാനുള്ളത്. ലൈസന്‍സും മറ്റ് അനുമതികളും നേടാനുള്ള കാലതാമസം ഒഴിവാക്കിയും നടപടികള്‍ ലളിതമാക്കിയും സംസ്ഥാനത്തെ സംരംഭകരുടെ സ്വപ്ന ഭൂമിയാക്കി മാറ്റി. കോവിഡ് മഹാമാരി സര്‍വമേഖലകളെയും ബാധിച്ചപ്പോള്‍ സംരംഭകര്‍ക്കായി പ്രത്യേക പാക്കേജ് തന്നെ നടപ്പാക്കി.
പ്രളയവും മറ്റ് പ്രകൃതിദുരന്തങ്ങളും വികസനത്തേയും വ്യവസായത്തേയും ബാധിക്കാതിരിക്കാന്‍ സര്‍ക്കാരെടുത്ത നടപടികള്‍ ഫലം കണ്ടു. കൃത്യമായ ആസൂത്രണവും ഇച്ഛാശക്തിയുള്ള ഇടപെടലുമാണ് മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായകമായത്. സ്വകാര്യമേഖലയ്ക്ക് കൈത്താങ്ങായും പരമ്പരാഗത വ്യവസായ മേഖലയെ സംരക്ഷിച്ചും സമഗ്ര വികസനം സാധ്യമാക്കുകയാണ് ലക്ഷ
സുസ്ഥിര വികസന സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമതാണ്. സൂചികയിലെ ഒരു പരിഗണനാ വിഷയമായ ‘വ്യവസായ വികസന’ത്തില്‍ മികച്ച പ്രകടനത്തോടെയാണ് കേരളം ഒന്നാമതായത്
സുസ്ഥിര വികസന സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമതാണ്. സൂചികയിലെ ഒരു പരിഗണനാ വിഷയമായ ‘വ്യവസായ വികസന’ത്തില്‍ മികച്ച പ്രകടനത്തോടെയാണ് കേരളം ഒന്നാമതായത്. നിതി ആയോഗിന്റെ ഇന്ത്യ ഇന്നോവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം വിഭാഗങ്ങളില്‍ കേരളം രണ്ടാമത്. നിക്ഷേപ സാഹചര്യം, നൂതനാശായ പ്രോത്സാഹനം വിഭാഗങ്ങളില്‍ നാലാം സ്ഥാനവും ലഭിച്ചു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 3 വര്‍ഷത്തെ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 7.2 ശതമാനം.
ദേശീയ ശരാശരിയേക്കാള്‍ മികച്ച നേട്ടം കൈവരിക്കാന്‍ കേരളത്തിന് സഹായകമായത് വ്യവസായ രംഗത്തെ പുരോഗതിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2018 ലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ നിക്ഷേപ സാധ്യതാ സൂചികയില്‍ കേരളം നാലാമത്. ഈ നേട്ടങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലേക്കാണ്.
ചുവപ്പുനാടക്കുരുക്കുകളും അനുമതികള്‍ക്കുള്ള കാലതാമസവുമാണ് നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് ഒഴിവാക്കാനെടുത്ത നടപടികള്‍ ഫലം കണ്ടോ?
നിയമങ്ങളില്‍ മാറ്റം വരുത്തിയതും നടപടികള്‍ ലളിതമാക്കിയതും സംരംഭകര്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചു. വ്യവസായ നിക്ഷേപത്തിനുള്ള നടപടികള്‍ ലളിതമാക്കാന്‍ ഏഴ് നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്താണ് കേരള ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ആന്റ് ഫെസിലിറ്റേഷന്‍ ആക്റ്റ് 2018 നടപ്പാക്കിയത്. കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്റ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ് (കെ-സ്വിഫ്റ്റ്) എന്ന പേരില്‍ നടപ്പാക്കിയ ഏകജാലക സംവിധാനം അനുമതികള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട സ്ഥിതി മാറ്റി.
ഏകീകൃത അപേക്ഷാ ഫോറത്തില്‍ അപേക്ഷ നല്കിയാല് 30 ദിവസത്തിനകം അനുമതി ലഭിക്കും. ഇല്ലെങ്കില്‍ കല്‍പ്പിത അനുമതിയായി കണക്കാക്കാമെന്നതും സവിശേഷതയാണ്. ഈ വര്‍ഷം കെ-സ്വിഫ്റ്റിന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കിയതോടെ നേരത്തെയുള്ള വ്യവസായ യൂണിറ്റുകള്‍ക്കടക്കം ലൈസന്‍സുകളും അനുമതികളും ഓണ്‍ലൈനില്‍ പുതുക്കാനും അവസരം ലഭിച്ചു. ഓണ്ട്രപ്രണര് സപ്പോര്‍ട്ട് സ്കീം വഴിയുള്ള ഇന്‍സെന്റീവ് ലഭിക്കുന്നതിനും പ്രൊഫഷണല്‍ ടാക്സ് അടയ്ക്കുന്നതിനും കെ.സ്വിഫ്റ്റില്‍ ഇപ്പോള്‍ സംവിധാനം ഉണ്ട്.
സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. അവയെ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മതിയായ നടപടികളെടുത്തോ?
സംസ്ഥാനത്ത് 70 ശതമാനവും എംഎസ്എംഇ വ്യവസായമാണ്. കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമം കൊണ്ടുവന്നത് എംഎസ്എംഇ മേഖലയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാക്കി. മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ എംഎസ്എംഇ വ്യവസായം തുടങ്ങാന്‍ അവസരം ലഭിച്ചത് സംരംഭകര്‍ക്ക് ആശ്വാസമായി. 10 കോടി വരെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്കാണ് ഇതിന് അവസരം.
3 വര്‍ഷം കഴിഞ്ഞ്, ആറുമാസത്തിനകം മറ്റു നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതി. എംഎസ്എംഇ ഇതര വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും നടപടികള്‍ ലളിതമാക്കി. കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ നിയമം ഇതിനായി ഭേദഗതി ചെയ്തു. ഇതോടെ 100 കോടി വരെ മുതല്‍മുടക്കുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി ലഭിക്കുന്ന സ്ഥിതിയുണ്ടായി. കെ സ്വിഫ്റ്റ് വഴി നല്കുന്ന അപേക്ഷ അംഗീകരിച്ചാല്‍ അഞ്ച് വര്‍ഷം വരെ ഇതിന് സാധുതയുണ്ട്. ബാങ്കില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ സാമ്പത്തിക സഹായം നേടാന്‍ സാധുവായ രേഖയായും അനുമതി ഉപയോഗിക്കാം. അംഗീകാരം ലഭിച്ച് ഒരുവര്‍ഷത്തിനകം, ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം നിക്ഷേപകന് സമര്‍പ്പിക്കണം.
എംഎസ്എംഇ ഇതര വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിക്കാനും നടപടി വേഗത്തിലാക്കാനും നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ എന്ന പേരില്‍ ഒരു സമിതി നിലവില്‍ വന്നു. സംരംഭക അനുമതിക്കുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ട അഞ്ചംഗ സമിതിയെ സഹായിക്കാന്‍ ഇന്‍വെസ്റ്റ്മെന്റ് ഫെസിലിറ്റേഷന്‍ സെല്‍ രൂപീകരിച്ചു. കോള്‍ സെന്റര്‍ വഴി പരിഹരിക്കപ്പെടാത്ത സംശയങ്ങള്‍ക്ക് നിവാരണം ഉണ്ടാക്കാന്‍ സെല്‍ സഹായിക്കും.
എല്ലാ മേഖലകളെയും പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരി, വ്യവസായ മേഖലയ്ക്കും തിരിച്ചടിയേല്‍പ്പിച്ചു. വ്യവസായ മേഖലയ്ക്ക് ആശ്വാസം പകരാന്‍ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടത്?
കോവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് ആശ്വാസമായാണ് വ്യവസായ ഭദ്രതാ പാക്കേജ് പ്രഖ്യാപിച്ചത്. പുതിയ സംരംഭകരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനായി കെഎസ്ഐഡിസി-കിന്‍ഫ്രാ പാര്‍ക്കുകളില്‍ അപ് ഫ്രണ്ട് ലീസ് പ്രീമിയം കുറയ്ക്കുകയും പ്രീമിയം അടയ്ക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്തു. 2020 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെ അടയ്ക്കേണ്ട ലാന്‍ഡ് പ്രീമിയം മരവിപ്പിച്ചു.
മൂന്ന് മാസത്തേക്ക് പാര്‍ക്കുകളിലെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്റ്ററി വാടകയും കോമണ്‍ ഫെസിലിറ്റി ചാര്‍ജുകളും ഉപേക്ഷിച്ചു. കെഎസ്ഐഡിസിയുടെ എല്ലാ ഓപ്പറേറ്റിംഗ് യൂണിറ്റുകളുടെയും മുതലും പലിശയും അടയ്ക്കുന്നതിന് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം അനുവദിച്ചു. അധിക ടേം ലോണിനും, പ്രവര്‍ത്തന മൂലധന വായ്പയ്ക്കും ആറ് മാസത്തേക്ക് പലിശ ധനസഹായവും നല്കുന്നു.
പാക്കേജിന്റെ സുതാര്യമായ നടത്തിപ്പിനായി വ്യവസായ ഭദ്രതാ പോര്‍ട്ടലും ആരംഭിച്ചു. വ്യവസായ ലൈസന്‍സുകളുടെ കാലാവധി ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ എന്നത് 5 വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചത് സംരംഭകര്‍ക്ക് സഹായകമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: