ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ ആശയങ്ങള്‍ വര്‍ത്തമാനകാല ദേശീയ അന്തരീക്ഷത്തില്‍ കൂടുതല്‍ പ്രസക്തമാണ്. ചൈനയും പാക്കിസ്ഥാനും അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഭാരതത്തെ കടന്നാക്രമിക്കുവാന്‍ ഗൂഢതന്ത്രങ്ങള്‍ മെനയുന്നു. രാജ്യത്തിനുള്ളില്‍ ആന്തരിക അസ്വസ്ഥതകള്‍ സൃഷ്ടിച്ചെടുക്കുവാന്‍ പൗരത്വ (ഭേദഗതി) നിയമവും കാര്‍ഷിക നിയമങ്ങളും ഉള്‍പ്പടെയുള്ള വിഷയങ്ങളെ പുകമറയാക്കി കമ്യൂണിസ്റ്റ് പരിവാറും ഇസ്ലാമിക തീവ്രവാദികളും ഖാലിസ്ഥാനികളും സോണിയാ-രാഹുല്‍ രാഷ്ട്രീയ പക്ഷവും ഒരുമിച്ചു ശ്രമിക്കുന്നു. ഭാരതത്തിലെ കമ്യൂണിസ്റ്റ് പരിവാറിന്റെ രാഷ്ട്ര വിരുദ്ധ രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ നിറയെ വഞ്ചനയാണ്.
1950കളില്‍ ചൈനീസ് കമ്യൂണിസ്റ്റ് സാമ്രാജ്യത്വം ടിബറ്റ് പിടിച്ചെടുത്തതോടെ കമ്യൂണിസ്റ്റ് ചെമ്പട ഭാരതത്തിലേക്ക് ഏതു നിമിഷം കടന്നുവരുമെന്നും അട്ടിമറിയിലൂടെ തങ്ങളിലേക്ക് ഭരണമെത്തുമെന്നുമുള്ള മോഹന പ്രതീക്ഷയിലായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍. 1959ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം ബിടി രണദിവേ ചൈനീസ് അംബാസിഡറെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് ചൈന 1962ലെ ആക്രമം അഴിച്ചുവിട്ടതെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യുദ്ധമുണ്ടായ ശേഷവും ഇഎംഎസ്സ് അടക്കമുള്ള സഖാക്കള്‍ ചൈനയെ തുറന്ന് പിന്തുണച്ചു. 1959ല്‍ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്ന വിമോചനസമരത്തിലൂടെ ഇഎംഎസ്സ് സര്‍ക്കാരിനെ പുറത്താക്കിയതിന്റെ ദേശീയ ചരിത്രത്തിലെ ഗുണപരമായ പ്രഭാവം പ്രകടമാകുന്നത് ഈ സാഹചര്യത്തിലാണ്. ഇതോടെ പിന്നീടൊരിക്കലും കേരളത്തില്‍ പോലും ഒറ്റയ്ക്ക് ഭരണം നേടാനുള്ള കഴിവില്ലാത്തവരായി കമ്യൂണിസ്റ്റു പക്ഷം ബലഹീനമായി. ഭാരതീയ ദേശീയതയ്ക്കും ജനാധിപത്യത്തിനും മന്നത്ത് പദ്മനാഭനില്‍ നിന്ന് ലഭിച്ച സംഭാവനകളുടെ പൊരുള്‍ അളന്ന് അറിയാന്‍ ഒരുമ്പെടുന്നവര്‍ക്ക് മുമ്പില്‍ തെളിഞ്ഞുവരുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് ദേശീയ ചരിത്രപുരുഷന്മാരോടുണ്ടായിരുന്ന സമാനതകളുടേതാണ്.വീര സവര്‍ക്കറുടെയും ഡോ കേശവ് ബലിറാം ഹെഡ്ഗേവറുടെയും ഗുരുജി ഗോള്വക്കറുടെയും ജീവിത യാത്രകളുമായി താരതമ്യം ചെയ്യാവുന്ന ദാര്‍ശനിക ഉള്‍ക്കാഴ്ചയും കര്‍മ്മകുശലതയും ജീവിതവീക്ഷണവും പ്രകടമാക്കിക്കൊണ്ടാണ് മന്നത്ത് പത്മനാഭന് ഭാരത കേസരിയായി മാറിയത്.
‘പാപ്പിക്ക് സ്ഥലമില്ലാത്തിടത്ത് പദ്മനാഭനും സ്ഥലം വേണ്ടാ’ എന്ന് പറഞ്ഞ് വൈക്കം ക്ഷേത്രത്തിലെ പ്രധാന ഊരാളന്റെ വീട്ടില്‍ നിന്നിറങ്ങിപ്പോന്ന മന്നത്തു പദ്മനാഭന്, വിനായക ദാമോദര്‍ സവര്‍ക്കര്‍ എന്ന വിപഌവകാരിയായ സാമൂഹിക പരിഷ്കര്‍ത്താവിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്. വൈക്കം സത്യാഗ്രഹകാലത്ത് വീട്ടില്‍ വിളിച്ച് ഊണും കൊടുത്ത് നല്ലവാക്കും പറഞ്ഞ് മന്നത്തിനെ സ്വാധീനിക്കാന്‍ ഊരാളന്‍ നടത്തിയ ശ്രമമാണവിടെ വെളുക്കാന്‍ തേച്ചത് പാണ്ടായി മാറിയത്. ക്ഷണം സ്വീകരിച്ചെത്തിയ മന്നം കൂടെ കൂട്ടിയിരുന്ന പാപ്പിയെന്ന പുലയ യുവാവിന് ഉണ്ണാന്‍ ഇടം കൊടുക്കാന്‍ ഊരാളന്‍ മടിച്ചിടത്തു നിന്നാണ് കാലത്തെ വെല്ലുവിളിച്ച വാചകവും പറഞ്ഞ് ഇറങ്ങിപ്പോന്നത്.
അങ്ങനെ സ്വയം തിരഞ്ഞെടുത്ത ശരിയുടെ വഴിയിലൂടെയുള്ള സാമൂഹിക പരിഷ്കരണത്തിന് സ്വന്തം അമ്മയേയും കൂടെ കൂട്ടാന്‍ കഴിഞ്ഞ ചരിത്ര പുരുഷനായിരുന്നു മന്നത്തു പദ്മനാഭന്. അവിടെയാണ്, വേദം എല്ലാവരെയും പഠിക്കാനനുവദിക്കാതിരുന്ന, ഇഷ്ടമുള്ള തൊഴില്‍ തിരഞ്ഞെടൂക്കാനനുവദിക്കാതിരുന്ന, ‘ഉയര്‍ന്ന ജാതിക്കാരെ’ തൊടാനനുവദിക്കാതിരുന്ന, കടല്‍കടന്നുള്ള യാത്ര അനുവദിക്കാതിരുന്ന, മതപരിവര്‍ത്തനത്തില്‍ പെട്ടു പോയവരെ ഹിന്ദു മതത്തിലേക്ക് തിരിച്ചു വരാനനുവദിക്കാതിരുന്ന, ഒന്നിച്ചിരുന്ന് ആഹാരം കഴിക്കാനനുവദിക്കാതിരുന്ന, ജാതിയുടെ വേലിക്കെട്ടുകള്‍ക്കപ്പുറം പരസ്പരം വിവാഹം കഴിക്കാനനുവദിക്കാതിരുന്ന വിലക്കുകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത വിനായക ദാമോദര്‍ സവര്‍ക്കറുടെ വഴിയായിരുന്നു മന്നത്ത് പദ്മനാഭന് തിരഞ്ഞെടുത്ത സാമൂഹിക പരിഷ്കരണത്തിന്റെ വഴിയും. അത്തരം കാര്യങ്ങളിലെ ലോക വീക്ഷണങ്ങളിലെ സമാനതയ്ക്കൊപ്പം ഭാരതമാതാവിന്റെ മോചനത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച കര്മ്മധീരതയോടുള്ള ബഹുമാനവും ചേര്ന്നതിനാലാകണം 1940കളുടെ ആദ്യം വീരസവര്‍ക്കറെ ക്ഷണിച്ചാദരിക്കാന് മന്നത്തു പദ്മനാഭന് തയ്യാറായത്.
സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിഞ്ഞ ഒരു കുടുംബാന്തരീക്ഷം മന്നത്തു പദ്മനാഭന് വക്കീല്‍ പണി തുടങ്ങിയതോടെയാണ് പിടിച്ചു. നില്ക്കാവുന്ന നിലയിലേക്ക് മാറാന്‍ തുടങ്ങിയത്. അക്കാലത്തെ നിലയില്‍ വലിയ ഒരു വരുമാനത്തിന് വഴി തുറന്ന ആ വക്കീല്‍ പണി ഉപേക്ഷിച്ചാണ്, സമാജസേവനത്തിന് പൂര്‍ണ്ണസമയം സമര്‍പ്പിക്കുന്ന ഒരാളുണ്ടാകണമെന്ന സഹപ്രവര്‍ത്തകരുടെ ആലോചന ഒരു വെല്ലുവിളിയായി മാറിയ ഉടനെ പൂര്‍ണ്ണസമയ എന്‍.എസ്സ്.എസ്സ്. പ്രവര്‍ത്തകനായി മന്നം സ്വയം മാറിയത്. സമാനമായിരുന്നു ഡോ കേശവ് ബലിറാം ഹെഗ്ഡേവാറുടെ ചരിത്രവും. ഒരേ രാത്രിയില്‍ സ്വന്തം വീടിന്റെ അകത്തെ മുറിയിലും പുറത്തെ മുറിയിലും അച്ഛനും അമ്മയും പ്ലേഗ് വന്ന് മരിച്ചതോടെ ആശ്രയമറ്റ കുടുംബാന്തരീക്ഷം മാറ്റിയെടുക്കാനുള്ള അവസരമാണ് കല്ക്കട്ടയില്നിന്നും മെഡിക്കല്‍ ബിരുദം നേടിയ ഡോക്ടര്‍ജിയുടെ മുന്നില്‍ തുറന്നത്. പക്ഷേ രാഷ്ട്ര സേവനത്തിന് സ്വയം സമര്‍പ്പിച്ച അദ്ദേഹം ചികിത്സയെന്ന തൊഴിലിലേക്ക് തിരിയാതെ രാഷ്ട്രത്തിനു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു ആ ജീവിതം. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായ വനസത്യാഗ്രഹത്തില്‍ ചേര്‍ന്ന് ഭാരതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തില്‍ അണിചേര്‍ന്നു. എന്നാല്‍ അതിന് മുമ്പ് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റ സര്‍സംഘചാലകനെന്ന ഉത്തരവാദിത്വം അദ്ദേഹം തല്ക്കാലം ഒഴിഞ്ഞിരുന്നു. കേരളത്തില്‍ കിരാത ഭരണം അഴിച്ചുവിട്ട കമ്യൂണിസ്റ്റു ഫാസിസ്റ്റു ഭരണത്തിന് അറുതിവരുത്തുവാനുള്ള രാഷ്ട്രീയ ഇടപെടലിന് ഇറങ്ങിത്തിരിക്കും മുമ്പേ മന്നത്ത് പദ്മനാഭന്, നായര്‍ സര്‍വീസ് സൊസൈറ്റിയിലെ പദവികളൊഴിഞ്ഞ് തന്റെ പ്രസ്ഥാനത്തിനും ഭരണകൂടവുമായി ഏറ്റുമുട്ടലുണ്ടാകുന്ന സാഹചര്യം ഒഴിവാക്കി. ആ രണ്ട് യുഗപുരുഷന്മാരും തങ്ങളുടെ മഹത്തായ ജീവിതങ്ങള്‍ കൊണ്ട് വരും തലമുറകള്‍ക്ക് വഴി കാട്ടിയവരാണ്.
ഗുരുജിയോട് സമാനതയുള്ള സമീപനരീതിയായിരുന്നു മന്നത്തു പദ്മനാഭന്റേതും. കൃഷ്ണവര്‍ണ്ണനായ മാധവന് (ടി.കെ. മാധവന്) കുളിച്ച് ചന്ദനഗ്ഗോപിയും തൊട്ട് വെളുത്ത ഖദര്‍ മുണ്ടും ധരിച്ച് ഒരു വടിയുമായി യോഗസ്ഥലത്തേക്കു വരുന്ന കാഴ്ച എന്റെ കണ്ണില്‍ നിന്ന് മറയുന്നില്ല.’ എന്ന് മന്നം എഴുതി. ഹിന്ദുക്കളുടെ ഏകീകരണമായിരുന്നു തങ്ങളുടെ ജീവശ്വാസം എന്നായിരുന്നു ആ ഓര്‍മ്മപ്പെടുത്തല്‍. ഗുരുജിയുടെ താത്പര്യപ്രകാരം കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തില്‍ മന്നത്ത് പദ്മനാഭന് വഹിച്ച പങ്കും ഏറെയാണ്. ഭാരതീയ ദേശീയതയുടെ മുഖ്യ ധാരയില്‍ മന്നത്തു പദ്മനാഭന്റെ കാല്‍പ്പാടുകള്‍ രേഖപ്പെടുത്തിയ അടയാളങ്ങള്‍ ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള കുതിപ്പിനൊപ്പം ദിശയും വേഗതയും കണ്ടെത്താന്‍ ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട കേരളത്തിന് വഴികാട്ടിയാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: