ഇസ്ലാമാബാദ്: ലഷ്‌കറെ തൊയ്ബ കമാന്‍ഡറും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ സാക്കിര്‍ റഹ്മാന്‍ ലഖ്വി പാകിസ്താനില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. തീവ്രവാദവുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ച് പാകിസ്താനിലെ പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കുകയും അതുപയോഗിച്ച് ഒരു ആശുപത്രി നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് പ്രവിശ്യയിലെ ഭീകര വിരുദ്ധസേന നടത്തിയ നിര്‍ണായക നീക്കത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായതെന്നാണ് റിപ്പോര്‍്ട്ടുകള്‍. അതേസമയം എവിടെ നിന്നാണ് ഇയാളെ പിടികൂടിയതെന്ന വിവരം ഭീകര വിരുദ്ധ സേന പുറത്തുവിട്ടിട്ടില്ല. ഭീകരവിരുദ്ധ സേനയുടെ ലാഹോറിലെ പോലീസ് സ്‌റ്റേഷനിലാണ് ലഖ്‌വിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഐക്യരാഷ്‌ട്ര സഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചവരില്‍ ഒരാളാണ് സാകി ഉര്‍റഹ്മാന്‍ ലഖ്‌വി. മുംബൈ ഭീകരാക്രമണ കേസില്‍ പാകിസ്താന്‍ അറസ്റ്റ് ചെയ്ത ഇയാള്‍ക്ക് 2015 ല്‍ ജാമ്യം അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: