ന്യൂദല്‍ഹി : ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ യാത്രാ വിവരങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം നല്‍കിയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. വിമാനത്താവളങ്ങില്‍ വെച്ചുതന്നെ അന്താരാഷ്ട്ര യാത്രക്കാര്‍ വിവരങ്ങള്‍ കൈമാറിയിരിക്കണം. ഒപ്പം കൊറോണ വൈറസ് രോഗിയല്ലെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
യാത്രക്കാരുടെ കയ്യില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ആര്‍ടി- പിസിആര്‍ ടെസ്റ്റിനുള്ള സൗകര്യം ഉണ്ടായിരിക്കണം. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസ് ഈ മാസം ആറ് മുതല്‍ പുനസ്ഥാപിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ശ്ശന നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിമാനത്താവളങ്ങള്‍ക്ക് സമീപം ക്വാന്റൈനുള്ള സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നെത്തിയവരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഇവരെ ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നു. ഇതോടെയാണ് നൂറോളം പേര് വിമാനത്താവളത്തില്‍ നല്‍കിയത് വ്യാജ വിവരങ്ങളും മേല്വിലാസങ്ങളുമാണെന്ന് കണ്ടെത്തിയത്.
ഇത് കൂടുതല്‍ ആശങ്കയില്‍ ആഴ്ത്തിതോടെ തെറ്റായ വിവരങ്ങള്‍ നല്കി മുങ്ങിയ യാത്രക്കാരെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അതിനിടെ ബ്രിട്ടണില്‍ നിന്ന് തിരിച്ചെത്തിയ നാല് യാത്രക്കാര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്ത് രവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: