ന്യൂദല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. പുതുവര്‍ഷം ആരംഭത്തോടെ രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാക്‌സിന്‍ വിതരണം ആരംഭിക്കുകയും വിവിധ സംസ്ഥാനങ്ങളിലായി ഇന്ന് വാക്‌സിന്റെ ഡ്രൈറണ്ണും നടത്തി.
രാജ്യത്ത് അടിയന്തിര വാക്‌സിന്‍ ഉപയോഗത്തിനുള്ള അന്തിമ അനുമതി രണ്ട് ദിവസത്തിനുള്ളില്‍ നല്‍കും. സംസ്ഥാനങ്ങളിലേക്ക് വാക്‌സിന്‍ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയായെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിന്‍ രാജ്യത്ത് അടിയന്തിരമായി ഉപയോഗിക്കുന്നതിനുള്ള അനുമതിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ വിതരണം നടത്തുന്നതാണ്.
അതേസമയം രാജ്യത്ത് വാക്‌സിന്‍ വിതരണം സംബന്ധിച്ച് തെറ്റിദ്ധാരണ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. വാക്‌സിന്‍ വിതരണം സംബന്ധിച്ച് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇതിന്റെ സുരക്ഷയെകുറിച്ച് ഒരു വിധത്തിലുള്ള കിംവദന്തികളും പരത്താന്‍ പാടില്ല. പോളിയോ വാക്‌സിന്‍ ആദ്യമായി നല്‍കിയ സമത്തും അതിനെതിരെ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും പിന്നീട് വാക്‌സിന്റെ സുരക്ഷയെ കുറിച്ച് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊറോണ വാക്സിന്‍ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ നടന്നു. കുത്തിവെപ്പ് ഒഴികെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും ട്രയല്‍ റണിന്റെ ഭാഗമായി നടത്തി. മാര്‍ഗനിര്‍ദേശ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയായോ എന്ന് വിശകലനം ചെയ്ത് നടപടികള്‍ കൈക്കൊള്ളുമെന്നും ഹര്‍ഷവര്‍ധന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ രണ്ടാം തവണയാണ് ഡ്രൈ റണ്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആസ്സാം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുത്ത ജില്ലകളില്‍ 28, 29 തീയതികളിലായി ഡ്രൈ റണ്‍ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം തയ്യാറാക്കിയിരുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളിലും മാറ്റം വരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: