ആലപ്പുഴ: കൊട്ടിഘോഷിച്ച് തുടങ്ങിയ ആധുനിക അറവുശാല നോക്കുകുത്തിയായി മാറി. അറവല്ല, പകരം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വേര്‍തിരിക്കലാണ് ഇവിടെ നടക്കുന്നത്. ചെലവാക്കിയ കോടികള്‍ പാഴായി, പദ്ധതി നടത്തിപ്പില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും, ഭരണ പ്രതിക്ഷ കക്ഷികള്‍ ഒത്തുകളിച്ചതോടെ ആരോപണങ്ങള്‍ എല്ലാം ആവിയായി. ആലപ്പുഴ നഗരത്തില്‍ വഴിച്ചേരിയിലാണ് ആധുനികമെന്ന പേരില്‍ സ്ഥാപിച്ച അറവുശാല പാഴായി കിടക്കുന്നത്.
നടക്കുന്നത് പ്ളാസ്റ്റിക് മാലിന്യങ്ങളുടെ വേര്‍തിരിക്കല്‍ മാത്രം. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ്നഗരത്തിലെ അറവ് മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ വഴിച്ചേരിയില്‍ അറവുശാല നിര്‍മ്മിച്ചത്. മറ്റ് മാലിന്യങ്ങള്‍ കൂടി ഇവിടേക്ക് അലക്ഷ്യമായി വലിച്ചെറിയാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ ഇതുവഴി മൂക്ക് പൊത്തി സഞ്ചരിക്കേണ്ട ഗതികേടിലാണ്. അറവുമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാന്‍ സ്വീകരിച്ച പദ്ധതികള്‍ പരാജയപ്പെട്ടതോടെയാണ് 2009 ല്‍ ഉദ്ഘാടനം ചെയ്ത ആധുനിക അറവുശാല അടച്ചു പൂട്ടേണ്ടി വന്നത്.തുടര്‍ന്ന് നഗരത്തില്‍ നിന്നു ശേഖരിക്കുന്ന മറ്റു മാലിന്യങ്ങള്‍ സംഭരിക്കാനുള്ള ഇടമായി ഇവിടം മാറി.
കശാപ്പിന് വൃത്തിയുള്ള അന്തരീക്ഷം ഉറപ്പാക്കല്‍, കാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം, നൂതന മാലിന്യ സംസ്കരണം എന്നിവ നടപ്പാക്കിയെങ്കിലും ഒരുമാസം പോലും തികച്ച് പ്രവര്‍ത്തിക്കാന്‍ അറവുശാലയ്ക്ക് കഴിഞ്ഞില്ല. തുടക്കത്തില്‍ 50 കാലികളെ കശാപ്പ് ചെയ്യാനും മാലിന്യം സംസ്കരിക്കാനുമുള്ള സൗകര്യമാണ് ഒരുക്കിയത്. ദിവസേന 150 കാലികളെ വരെ കശാപ്പ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രതിസന്ധിയും തുടങ്ങിയത്.
പ്രശ്നം പരിഹരിക്കുന്നതിന് ലക്ഷങ്ങള്‍ മുടക്കി മറ്റൊരു സംസ്കരണ പ്ലാന്റ് സ്ഥാപിച്ചെങ്കിലും അതും പ്രവര്‍ത്തനരഹിതമായി. കശാപ്പ് മാലിന്യം ശേഖരിക്കാനും സംഭരിക്കാനും ആവശ്യമായ സ്ഥലസൗകര്യം ഇല്ലായിരുന്നു. വെറ്ററിനറി സര്ജന്മാരുടെ അഭാവവും പ്രശ്നമായി.
അറവുശാല നിര്‍മ്മാണത്തില്‍ അഴിമതി ആരോപണം ഉയര്‍ന്നതോടെ ഇതിന്റെ ഫയല്‍ നഗരസഭയില്‍ നിന്ന് കാണാതായതും വിവാദമായിരുന്നു. ശാസ്ത്രീയമായി മാടുകളെ അറക്കാന്‍ അറവുശാലയില്ലെങ്കിലും നഗരത്തില്‍ അറവിന് തെല്ലും കുറവില്ല, കശാപ്പിനു കുറവില്ല.
അറവുശാലയില്ലാത്ത നഗരങ്ങളില്‍ ഇറച്ചി വ്യാപാരം നടത്തരുതെന്ന സുപ്രീം കോടതി ഉത്തരവുണ്ടെങ്കിലും ആലപ്പുഴ നഗരത്തില്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. അറവുശാല പൂട്ടിയിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കിലും നഗരത്തില്‍ ഇറച്ചി വ്യാപാരം തകൃതിയില്‍ നടക്കുന്നു. ഇറച്ചിക്കടയുടെ സമീപത്ത് യാതൊരു പരിശോധനയും കൂടാതെ മൃഗങ്ങളെ കശാപ്പു ചെയ്യുകയാണ്.
നൂറുകണക്കിന് അനധികൃത അറവുശാലകളാണ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: