മാവേലിക്കര: മന്നു വര്‍ഷം മുമ്പാരംഭിച്ച കണ്ടിയൂര്‍ ബൈപാസിന്റെ നിര്‍മ്മാണം ഇപ്പോഴും ഒച്ചിഴയും വേഗത്തില്‍. ഇതുവരെ പണി നടത്തിയിരിക്കുന്നത് കേവലം 500 മീറ്റര്‍. ബൈപാസ് സ്വപ്നം പൂവണിയുവാന്‍ എത്ര കാലം കാത്തിരിക്കണമെന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ ചോദ്യം. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഗ്രാവലിന് പാസ്സ് കിട്ടാനില്ലയെന്നാണ് പണിമുടങ്ങുന്നതിന് പറയുന്ന ന്യായം. എന്നാല്‍ ബൈപാസില്‍ മണ്ണിട്ടു പൊക്കി ടാര്‍ ചെയ്യുന്ന ജോലിയാണ് ഇനി ബാക്കിയുള്ളത്.
ഏറെക്കാലത്തെ വിവാദങ്ങള്‍ക്ക് ശേഷമാണ് 2018ല്‍ ബൈപാസ് പണിയാരംഭിച്ചത്. സ്വകാര്യ വ്യക്തിയുടെ താല്പര്യം സംരക്ഷിക്കുവാനായി ബൈപാസിന്റെ രൂപരേഖയും ഗതിയും മാറ്റുവാന്‍ പോലും ശ്രമം നടന്നിരുന്നു. അത് വിവാദമാവുകയും നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലുണ്ടാക്കി ആ ശ്രമത്തെ പരാജയപ്പെടുത്തിയിരുന്നു. ഗുണമേന്മയില്ലാത്ത ഗ്രാവലുപയോഗിച്ച് റോഡുപണി നടത്തുവാനുള്ള നീക്കവും വിവാദമായിരുന്നു. സംസ്ഥാനവും മുനിസിപ്പാലിറ്റിയും ഭരിച്ചിരുന്ന സിപിഎമ്മിലെ ഗ്രൂപ്പ് പോരുകളാണ് പണി നീണ്ടുപോകുന്നതിന് കാരണമെന്ന ആക്ഷേപവുമുണ്ട്.
2018-ല്‍ പണിയാരംഭിക്കുമ്പോള്‍ മൂന്നേകാല്‍ കോടി രൂപ മുടക്കി ഒരു വര്‍ഷം കൊണ്ട് ബൈപാസ് പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. വര്‍ഷം മൂന്നു കഴിഞ്ഞിട്ടും പണി പൂര്‍ത്തിയായിട്ടില്ല. മാവേലിക്കര മുനിസിപ്പല്‍ ബസ്സ് സ്റ്റാന്‍ഡിന് സമീപത്തു നിന്നുമാരംഭിച്ച് കണ്ടിയൂര്‍ കിഴക്കേയാല്ത്തറ വരെ നീളുന്ന നിര്‍ദിഷ്ട ബൈപാസ് തട്ടാരമ്പലം, മറ്റം, കണ്ടിയൂര്‍ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. മാവേലിക്കര നഗരത്തിലും, തട്ടാരമ്പലം – മാവേലിക്കര റോഡിലും ഇന്നനുഭവപ്പെടുന്ന തിരക്കിനും ഗതാഗത കുരുക്കിനും കണ്ടിയൂര്‍ ബൈപാസ് പരിഹാരമായേനെ.
ഭരണകക്ഷിയിലെ ഗ്രൂപ്പ് പോരുമൂലം അനന്തമായി നീണ്ടുപോകുന്ന ബൈപാസ് പണി നാട്ടുകാരുടെ ശക്തമായ പ്രതിഷേധം വിളിച്ചു വരുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: