ആലുവയ്‌ക്കടുത്ത് ശ്രീമൂലനഗരം വെള്ളാരപ്പള്ളി തിരുവൈരാണിക്കുളത്ത് പെരിയാറിന്റെ തീരത്താണ് പ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. പ്രധാന പ്രതിഷ്ഠ ശിവനും പാര്‍വതിയും. ശിവനെ കിഴക്കോട്ടും ശ്രീപാര്‍വതിയെ പടിഞ്ഞാട്ടും ദര്‍ശനമായി ഒരേ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ധനുവിലെ തിരുവാതിര മുതല്‍ 12 ദിവസമേ ശ്രീപാര്‍വ്വതിയുടെ നട തുറക്കുകയുള്ളൂ.
ഊരാളകുടുംബങ്ങളിലൊന്നായ അകവൂര്‍ മനയുമായും പറയിപെറ്റ പന്തിരുകുലവുമായും ബന്ധപ്പെട്ടതാണ് ക്ഷേത്രോദ്ഭവ ഐതിഹ്യം. തൃശ്ശൂര്‍ ജില്ലയില്‍ മാളയ്‌ക്കടുത്ത് ഐരാണിക്കുളത്തായിരുന്നു അകവൂര്‍മന. മനയ്‌ക്കലെ നമ്പൂതിരിമാരായിരുന്നു നാടുവാഴികള്‍. ഐരാണിക്കുളത്തെ മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥരായിരുന്ന അവര്‍ നിത്യേന അവിടെ ദര്‍ശനം നടത്തിപ്പോന്നു. കാലാന്തരത്തില്‍, അകവൂര്‍ മനയിലെ ഒരു ശാഖ പിരിഞ്ഞുപോയി. അവര്‍ വെള്ളാരപ്പള്ളിയില്‍ പെരിയാറിന്റെ കരയില്‍ താമസമാക്കി. ഇക്കാലത്താണ് പറയിപെറ്റ പന്തിരുകുലത്തിലെ അകവൂര്‍ ചാത്തന്‍, മനയിലെ ആശ്രിതനായെത്തിയത്.
വെള്ളാരപ്പള്ളിയില്‍ താമസമാക്കിയശേഷവും വലിയ നമ്പൂതിരിക്ക് ഐരാണിക്കുളം ക്ഷേത്രത്തോട് വലിയ അടുപ്പമായിരുന്നു. പക്ഷേ, ദൂരം കാരണം യാത്ര സുഗമമായിരുന്നില്ല. നമ്പൂതിരിയ്‌ക്കായി ചാത്തന്‍, കരിങ്കല്ലുകൊണ്ട് ഒരു തോണിയുണ്ടാക്കി. തുടര്‍ന്ന് ദര്‍ശനത്തിന് തോണിയിലേറിയും നടന്നുമാണ് നമ്പൂതിരി പോയിവന്നിരുന്നത്. പ്രായമായപ്പോള്‍ നമ്പൂതിരിയ്‌ക്ക് യാത്ര സാധിക്കാതായി.
അവസാനമായി ഐരാണിക്കുളത്തപ്പനെ തൊഴുതുവരുമ്പോള്‍ നമ്പൂതിരി തനിക്കിനി ഐരാണിക്കുളത്ത് വന്നുതൊഴാന്‍ കഴിയാത്ത ദുഃഖം അറിയിച്ചു. കാരുണ്യമൂര്‍ത്തിയായ ഐരാണിക്കുളത്തപ്പന്‍ ഭക്തന്റെ ആഗ്രഹമനുസരിച്ച് കുടികൊള്ളാമെന്ന് സമ്മതിച്ചു. മടക്കയാത്രയ്‌ക്കായി നമ്പൂതിരി ഓലക്കുടയെടുത്തപ്പോള്‍ അതിന് പതിവില്ലാത്ത ഭാരം. മടക്കയാത്രയില്‍ നമ്പൂതിരിക്ക് മൂത്രശങ്കയുണ്ടായി. അടുത്ത് അനുയോജ്യമായ ഒരു സ്ഥലം കണ്ട അദ്ദേഹം ചാത്തനോട് പറഞ്ഞ് തോണി കരയ്‌ക്കടുപ്പിച്ചു. ഓലക്കുട ഒരിടത്ത് ഒതുക്കിവച്ച് നമ്പൂതിരി മൂത്രശങ്ക തീര്‍ത്തു. തിരികെയെത്തി കുടയെടുത്തപ്പോള്‍ ഭാരം കുറഞ്ഞിട്ടുണ്ടായിരുന്നു!
ഇക്കാര്യം ചാത്തനോട് പറഞ്ഞപ്പോള്‍ എല്ലാറ്റിനും സമാധാനമുണ്ടാകുമെന്നായിരുന്നു മറുപടി. മനക്കടവില്‍ തോണിയെത്തിയപ്പോള്‍ ഇരുവരും ഇറങ്ങിയശേഷം ചാത്തന്‍ തോണി മറിച്ചിട്ടു. ഇതുകണ്ട നമ്പൂതിരി കാര്യമെന്താണെന്ന് ചോദിച്ചപ്പോള്‍ ഇനി തോണിയുടെ ആവശ്യമില്ലെന്ന് ചാത്തന്‍ പറഞ്ഞു. ചാത്തന്‍ മറിച്ചിട്ട തോണി ഒരു കല്ലായി പെരിയാറ്റിലെ അകവൂര്‍ മനക്കടവില്‍ ഇന്നും പൊന്തിക്കിടക്കുന്നത് കാണാം.
തിരുവൈരാണിക്കുളം ക്ഷേത്രമിരിക്കുന്ന സ്ഥലം മുമ്പ് ഘോരവനമായിരുന്നു. നമ്പൂതിരി ദര്‍ശനം നടത്തിയെത്തിയ ദിവസം അവിടെയുള്ള ഒരു ശിലയില്‍ രക്തപ്രവാഹമുണ്ടായി. സ്വയംഭൂവായ ശിവലിംഗമായിരുന്നു അത്. തൊട്ടടുത്ത് ഒരു കിണറും പ്രത്യക്ഷപ്പെട്ടു. ഐരാണിക്കുളത്തപ്പന്‍ നമ്പൂതിരിയുടെ കുടയില്‍ കുടികൊണ്ടതുകൊണ്ടാണ് അതിന് ഭാരം തോന്നിയത്. നമ്പൂതിരി മൂത്രമൊഴിയ്‌ക്കുന്നതിനുമുമ്പായി കുട ഒരു സ്ഥലത്ത് ഒതുക്കിവച്ചപ്പോള്‍ ഐരാണിക്കുളത്തപ്പന്‍ കുടയില്‍ നിന്നിറങ്ങി സ്വയംഭൂവായി പ്രത്യക്ഷപ്പെടുകയുമായിരുന്നുവെന്നും ചാത്തന്‍ നമ്പൂതിരിയെ അറിയിച്ചു. വൈകാതെ അവിടെ ക്ഷേത്രം പണിതു. ഐരാണിക്കുളത്തപ്പന്‍ പാര്‍വ്വതീസമേത പ്രതിഷ്ഠയായതിനാല്‍ പുതിയ ക്ഷേത്രത്തിലും പാര്‍വ്വതീപ്രതിഷ്ഠ നടത്തി. ഐരാണിക്കുളത്തപ്പന്‍ കുടികൊള്ളുന്ന സന്നിധി, അന്നുമുതല്‍ തിരുവൈരാണിക്കുളം എന്ന് പ്രസിദ്ധമായി. അകവൂര്‍ നമ്പൂതിരി തന്നെ ക്ഷേത്രത്തിന്റെ ഊരാളനുമായി.
പണ്ട് ക്ഷേത്രത്തില്‍ ദേവീനട നിത്യേന തുറന്നിരുന്നു. അക്കാലത്ത്, ക്ഷേത്രത്തില്‍ ഭഗവാന്റെ നിവേദ്യം തയ്യാറാക്കുന്നതുപോലും ദേവിയായിരുന്നത്രേ. ഈ സങ്കല്പത്തില്‍, നിവേദ്യത്തിനായുള്ള വസ്തുക്കള്‍ തിടപ്പള്ളിയിലെത്തിച്ചാല്‍ പിന്നീട് അത് അടച്ചിടുന്ന പതിവുണ്ടായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് തുറന്നുനോക്കുമ്പോഴേയ്‌ക്കും നിവേദ്യം തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും. ഇങ്ങനെയാണ് ദേവിതന്നെയാണ് നിവേദ്യം ഉണ്ടാക്കുന്നതെന്ന വിശ്വാസം പരന്നത്.
ഒരിക്കല്‍ നിശ്ചിതസമയത്തിനുമുമ്പ് വാതില്‍ തുറന്നുനോക്കിയ ഊരാളന്മാര്‍ കണ്ടത് സര്‍വ്വാഭരണവിഭൂഷിതയായ പാര്‍വ്വതീദേവി ഭക്ഷണം പാചകം ചെയ്യുന്നതാണ്. രഹസ്യം പുറത്തായതില്‍ ദുഃഖിതയായ ദേവി, താന്‍ ക്ഷേത്രം വിട്ടിറങ്ങാന്‍ പോകുകയാണെന്ന് ഊരാളന്മാരോട് പറഞ്ഞു. എല്ലാ വര്‍ഷവും തന്റെ പതിയുടെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിര മുതല്‍ പന്ത്രണ്ടുദിവസം ദര്‍ശനം നല്‍കുന്നതാണെന്നും ദേവിഅരുള്‍ചെയ്തു. ഇങ്ങനെയാണ് നടതുറപ്പ് പ്രസിദ്ധമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: