ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് സംസ്ഥാനത്ത് നടപ്പാക്കുന്നത് ഇതുവരെ എതിര്‍ത്ത തെലങ്കാനയിലെ ടിആര്‍എസ് സര്‍ക്കാര്‍ ഒടുവില്‍ യു ടേണ്‍ എടുത്തു. കേന്ദ്രസര്‍ക്കാരിന്റെ വലിയ പദ്ധതികളിലൊന്നായ ആയുഷ്മാന്‍ ഭാരതുമായി തെലങ്കാനയുടെ ആരോഗ്യശ്രീ പദ്ധതി ബന്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രപദ്ധതിയുമായി ആരോഗ്യശ്രീയെ സംയോജിപ്പിക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു(കെസിആര്‍) തീരുമാനമെടുത്തതായി ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതായി അദ്ദേഹത്തിന്റെ ഒഫിസിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ പദ്ധതി സമഗ്രമാണെന്നും കേന്ദ്ര പദ്ധതിയേക്കാള്‍ മികച്ചതാണെന്നും രണ്ടുവര്‍ഷം അവകാശപ്പെട്ടശേഷം അപ്രതീക്ഷിതമായിട്ടായിരുന്നു കെസിആര്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. ആയുഷ്മാന്‍ ഭാരത് നടപ്പാക്കാത്തതിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. ബുധനാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് സോമേഷ് കുമാര്‍ ഇക്കാര്യം അറിയിച്ചത്.
ആയുഷ്മാന്‍ ഭാരത്, ജല്‍ ജീവന് മിഷന് തുടങ്ങി വിവിധ അടിസ്ഥാനസൗകര്യ പദ്ധതികളുടെയും മറ്റും പുരോഗതി വിലയിരുത്താനായിരുന്നു കോണ്‍ഫറന്‍സ്. സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നതോടെ, രണ്ടുവര്‍ഷം പദ്ധതി നടപ്പാക്കാത്തതിന് ചന്ദ്രശേഖരറാവു മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബണ്ഡി സഞ്ജയ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: