മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ വകയായി ഉപഭോക്താക്കൾക്ക് പുതുവത്സര സമ്മാനം. ജനുവരി ഒന്നു മുതൽ രാജ്യത്തിനകത്ത് എല്ലാ വോയിസ് കോളുകളും സൗജന്യമായിരിക്കും. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) യുടെ നിർദേശപ്രകാരമാണിത്. 2019 സെപ്തംബറിൽ ട്രായി ഐയുസി (ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്) നിരക്ക് ഈടാക്കുന്ന കാലാവധി നീട്ടിയിരുന്നു. ഇതേ തുടർന്നാണ് ഇതര നെറ്റ് വർക്കുകളിലേക്കുള്ള കോളുകൾക്ക് ജിയോ ചാർജ് ഈടാക്കി തുടങ്ങിയത്.
”ഐയുസി ചാർജുകൾ ഇല്ലാതാകുന്നതോടെ ഓഫ് നെറ്റ് കോളുകൾ സൗജന്യമാക്കുമെന്ന ഉറപ്പ് പാലിക്കുകയാണ്. ജനുവരി ഒന്നുമുതൽ ജിയോയിൽ നിന്ന് എല്ലാ നെറ്റ് വർക്കുകളിലേക്കുമുള്ള കോളുകൾ സൗജന്യമായിരിക്കും”-ജിയോ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജിയോയിലേക്കുള്ള കോളുകൾ നേരത്തെ തന്നെ സൗജന്യമായിരുന്നു. ട്രായി ഐയുസി നിരക്ക് എടുത്ത് കളയുന്നതുവരെ മാത്രമേ ജിയോ ചാർജ് ഈടാക്കുകയുള്ളൂവെന്ന് അന്നുതന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോൾ പാലിക്കപ്പെടുന്നത്.
സാധാരണക്കാർക്കെല്ലാം നൂതനമായ വോൾട്ടെ സാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കാൻ ജിയോ ബാധ്യസ്ഥരാണെന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ 40.6 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത്. ഒക്ടോബറിൽ മാത്രം 22 ലക്ഷം വരിക്കാരെ ചേർക്കാൻ ജിയോയ്ക്കായി. 2021 പകുതിയോടെ 5ജി നെറ്റ്വർക്ക് കമ്പനി അവതരിപ്പിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: