ചെന്നൈ: സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറിയെങ്കിലും രജനികാന്തിനൊപ്പം തുടരുമെന്ന് വ്യക്തമാക്കി അര്‍ജുനമൂര്‍ത്തി. രാഷ്ട്രീയം വിടുന്നുവെന്നും ഒരിക്കലും തിരിച്ചുവരില്ലെന്നും രജനിയുടെ പിന്‍വാങ്ങലിന് പിന്നാലെ സൂപ്പര്‍താരത്തിന് ഒപ്പമുണ്ടായിരുന്ന തമിഴരുവി മണിയന് ബുധനാഴ്ച പ്രഖ്യാപനം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ബിജെപി തമിഴ്നാട് ഘടകം ബൗദ്ധിക വിഭാഗത്തിന്റെ മുന്‍ തലവനായ അര്‍ജുനമൂര്‍ത്തിയുടെ പ്രതികരണം.
രജനിയെ മികച്ച നേതാവും വലിയ വ്യക്തിയെന്നും വിശേഷിപ്പിച്ച അര്‍ജുന മൂര്‍ത്തി ബുധനാഴ്ച തന്നെ തന്റെ തീരുമാനവും മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. പൊതുജന സേവനത്തില്‍ രജനികാന്തിന്റെ ഒപ്പമുണ്ടാകുമെന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. ആരോഗ്യകാരണങ്ങളുടെയും ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍, രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള പ്രഖ്യാപനം നടപ്പാക്കാന്‍ കഴിയാത്തതില്‍ രജനികാന്ത് അതീവ ദുഃഖിതനാണെന്ന് അര്‍ജുനമൂര്‍ത്തി ചൂണ്ടിക്കാട്ടി.
തുടര്‍ന്ന്, രജനികാന്തും പ്രധാനമന്ത്രി നരേന്ദ്രമോദിയും തന്റെ രണ്ടു കണ്ണുകളെപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങള്‍ക്കായും രാജ്യത്തിനുവേണ്ടിയും നല്ലതുചെയ്യാന് ആഗ്രഹിക്കുന്നവരാണ് ഇരുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: