ന്യൂദല്‍ഹി: മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തിനു ചുറ്റുമായി 17.5 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനമിറക്കി. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോല താലൂക്കിലെ പൂപ്പാറ ഗ്രാമത്തിലെ പ്രദേശങ്ങളാണു വിജ്ഞാപന പ്രകാരം പുതുതായി പരിസ്ഥിതി ദുര്‍ബല പ്രദേശമാകുന്നത്.
ഈ പ്രദേശത്തിനായി പ്രത്യേക സോണല്‍ മാസ്റ്റര്‍ പ്ലാന്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കണമെന്നു വിജ്ഞാപനത്തില്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നിനാണ് ഇതു സംബന്ധിച്ചു കരട് വിജ്ഞാപനമിറക്കിയത്. നാലര മാസം കഴിഞ്ഞപ്പോള്‍ അന്തിമ വിജ്ഞാപനമിറങ്ങി. കരട് വിജ്ഞാപനത്തിന് അനുവദനീയ സമയപരിധിയായ 60 ദിവസത്തിനകം ലഭിച്ച അഭിപ്രായങ്ങളും പരിഗണിച്ചശേഷമാണ് അന്തിമ വിജ്ഞാപനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിജ്ഞാപനവുമായി ബന്ധപ്പെട്ട ശിപാര്‍ശകള്‍ നടപ്പിലാക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ സമിതിക്കു രൂപം നല്കി. ഇടുക്കി ജില്ലാ കളക്ടറാണു നിരീക്ഷണ സമിതിയുടെ ചെയര്മാന്. പരിസ്ഥിതി ദുർബല പ്രദേശത്തിനുള്ളിലെ വന, കൃഷി ഭൂമികളിൽ വീടുകൾ ഉൾപ്പടെയുള്ള നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭൂമി വാണിജ്യ, വ്യവസായ ആവശ്യങ്ങൾക്കായി മാറ്റരുത്. ഇക്കോ ടൂറിസം പദ്ധതികൾ സോണൽ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും കേന്ദ്ര സർക്കാർ നിദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: