ന്യൂദല്‍ഹി: ഇന്ത്യ-ചൈന ചര്‍ച്ച അര്‍ത്ഥപൂര്‍ണമായിട്ടില്ലെന്നും പഴയ സ്ഥിതി തുടരുകയാണെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. രാജ്യത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടികള്‍ക്ക് തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ചൈനയുമായി നടത്തിയ ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്ന് എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ രാജ്നാഥ് പറഞ്ഞു. നിലവിലെ സ്ഥിതി തുടരുകയാണ്. സൈനിക വിന്യാസം പിന്‍വലിക്കില്ല. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് തുടരും. ചര്‍ച്ചകളും തുടരും. പ്രതീക്ഷകള്‍ വെടിഞ്ഞിട്ടില്ല. ഏതു വിഷയത്തെക്കുറിച്ചു ചര്‍ച്ച നടന്നാലും ഇരുരാജ്യങ്ങളും തമ്മിലുള്ള സന്ദേശങ്ങള്‍ കൈമാറുവാന്‍ സാധിക്കും. നയതന്ത്രതലത്തിലും സൈനിക തലത്തിലുമുള്ള ചര്‍ച്ചകള്‍ തുടരുവാന്‍ ഈ മാസം 18ന് നടന്ന ഡബ്യുഎംസിസി യോഗത്തില്‍ തീരുമാനിച്ചിരുന്നൂ. ഒമ്പതാംവട്ട സീനിയര്‍ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകും. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഇക്കാര്യത്തിലുണ്ടാകില്ല. ഗല്‍വാനിലെ സംഘര്‍ഷത്തിനുശേഷം ലഡാക്ക് സന്ദര്‍ശിച്ചിരുന്നു. സൈനികരുടെ മനോവീര്യം വളരെ ഉയര്‍ന്നതാണെന്ന് മനസ്സിലാക്കി. സൈനികരുടെ ധീരതയും സംയമനവും ശൗര്യവും പ്രദര്‍ശിപ്പിക്കപ്പെട്ട സമയമായിരുന്നു ഇത്. ഏറെ പ്രശംസനീയമായിരുന്നു സൈനികരുടെ കരുത്ത്. രാജ്യത്തിന്റെ ആത്മാഭിമാനം ചോദ്യംചെയ്യുന്നതൊന്നും സൈന്യം വച്ചുപൊറുപ്പിക്കില്ല. ഇക്കാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പുമില്ല. നമ്മളെ ആര് ആക്രമിക്കുന്നു എന്നതല്ല, മഹാഭാരതത്തില്‍ പറയുന്നതുപോലെ നമ്മുടെ ഉന്നം എപ്പോഴും കിളിയുടെ കണ്ണില്‍ തന്നെയായിരിക്കും. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. അതിര്‍ത്തിയില്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ ഇരുപക്ഷത്തും നടക്കുന്നുണ്ട്. അതിര്‍ത്തിയിലുടനീളം സൈന്യം പട്രോളിങ് നടത്തുന്നുണ്ട്.
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഇടപെടേണ്ട ആവശ്യം ഇല്ല. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഒറ്റക്കെട്ടായി മുന്പോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരതയെ നേരിടാന്‍ നാം പര്യാപ്തരാണ്. ആവശ്യമെങ്കില്‍ അതിര്‍ത്തി കടന്നും ഭീകരതക്കെതിരെ നടപടിയെടുക്കും.
കഴിഞ്ഞ കുറച്ചുമാസങ്ങളില്‍ നാനൂറോളം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ പാക്കിസ്ഥാന് നടത്തിയതിന് ഉചിതമായ മറുപടി സൈന്യം നല്‍കിയിട്ടുണ്ട്. കുത്സിതമായ പ്രവര്‍ത്തനങ്ങളാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തുന്നത്. ഭീകരതയെ ഇല്ലാതാക്കുവാന്‍ കഴയുമെന്ന് സൈന്യം തെളിയിച്ചിട്ടുണ്ട്. ഭീകരരുടെ ഒളിത്താവളങ്ങള്‍ വേണ്ടിവന്നാല്‍ അതിര്‍ത്തികടന്നും ഇല്ലാതാക്കും. 2016ല്‍ ഉറി ആക്രമണത്തിനുശേഷം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനുമറുപടിയായി 2019ല്‍ ബാലക്കോട്ട് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് നശിപ്പിച്ചു. നാലു യുദ്ധങ്ങളിലും പാക്കിസ്ഥാന് പരാജയപ്പെട്ടിട്ടും ഹീനമായ നടപടികള്‍ അവര്‍ തുടരുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: