കാഞ്ചിയാര്‍: മലയോര ജില്ലയില്‍ എന്‍ഡിഎയുടെ ആദ്യ പഞ്ചായത്ത് പ്രസിഡന്റ് ചുമതലയേറ്റു, ചരിത്ര നിമിഷമാക്കി എന്‍ഡിഎ പ്രവര്‍ത്തകരും നേതാക്കളും. രാവിലെ 11ന് ആയിരുന്നു എന്‍ഡിഎ പ്രതിനിധിയായി സുരേഷ് കെ.സി. എതിരില്ലാതെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സീറ്റ് സംവരണമായതോടെയായിരുന്നു ഇത്. പിന്നീട് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.
പഞ്ചായത്ത് സെക്രട്ടറിയും വരണാധികാരിയുമായ പി.ടി. ശൈലജയുടെ മേല്‍നോട്ടത്തിലായിരുന്നു പരിപാടി. ഇറിഗേഷന്‍ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ശ്രീനിവാസന്‍ പ്രസിഡന്റിന് സത്യവാചകം ചൊല്ലി നല്‍കി. പിന്നീട് പ്രസിഡന്റിനെ പൗരസ്വീകരണ ഒരുക്കിയിരുന്ന ലബ്ബക്കട ടൗണിലേക്ക് പ്രകടനമായി ആനയിച്ചു. ടൗണിൽ ചേർന്ന പൗരസ്വീകരണ ചടങ്ങിൽ
ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മിച്ചന്‍ ഇളംതുരുത്തി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ശ്യാംരാജ് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ദേശീയ സമിതിയംഗം ശ്രീനഗരി രാജന്‍, ജെ. ജയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി. സന്തോഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പില്‍, മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ബാബു അഞ്ചാനി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര ക്ഷേമ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ജന്മഭൂമിയോട് പറഞ്ഞു. എല്ലാ പദ്ധതികളും അര്‍ഹരമായ എല്ലാ കുടുംബങ്ങളിലും വ്യക്തികളിലും എത്തിക്കാന്‍ ശ്രമിക്കും. ത്രിതല പഞ്ചായത്തിന്റെ ഫണ്ടുകള്‍ക്ക് പുറമെ കേന്ദ്രസര്‍ക്കാരിന്റെ നിരവധിയായ ക്ഷേമ പദ്ധതികളും നാട്ടിലെത്തിക്കും. വിനിയോഗിക്കാതിരുന്ന പട്ടികജാതി പട്ടിക വര്‍ഗ ഫണ്ടുകളെല്ലാം അര്‍ഹരായവരുടെ ക്ഷേമത്തിനായി വിനിയോഗിക്കും. സ്ത്രീ ശാക്തീകരണത്തിനും തൊഴില്‍ സംഭരങ്ങള്‍ ആരംഭിക്കുന്നതിനും നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിനായി തന്റെ സമയം പൂര്‍ണ്ണമായും നീക്കി വെയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിന്റെ മുന്‍ സെക്രട്ടറിയായിരുന്നു സുരേഷ്.
ഉച്ചയ്‌ക്ക് രണ്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സാലി ജോളി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സാലി ജോലി 9 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി സിബി മാളവന 6 വോട്ടും നേടി. പഞ്ചായത്ത് പ്രസിഡന്റ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: