ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരും സമരരംഗത്തുള്ള കര്‍ഷക സംഘടനകളും തമ്മില്‍ സമവായത്തിലെത്തിത്തുടങ്ങി. കര്‍ഷകര്‍ ഉന്നയിച്ച നാലു സുപ്രധാന വിഷയങ്ങളില്‍ രണ്ടെണ്ണത്തില്‍ ധാരണയിലെത്തിയതായി കര്‍ഷക സംഘടനകളുമായി നടത്തിയ ആറാം വട്ട കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ അറിയിച്ചു. ജനുവരി 4ന് തുടര്‍ ചര്‍ച്ചകള്‍ നടക്കും.
ദല്‍ഹിയിലെ അതിശൈത്യം കണക്കിലെടുത്ത് പ്രായമായവരെയും സ്ത്രീകളെയും കുട്ടികളേയും അവരവരുടെ വീടുകളിലേക്ക് മടക്കിവിടാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറാവണമെന്ന് കേന്ദ്രകൃഷിമന്ത്രി ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് വിഷയത്തിലാണ് ഇരുവിഭാഗവും തമ്മില്‍ ധാരണയിലെത്തിയത്. രാജ്യതലസ്ഥാനത്തിനും സമീപ പ്രദേശങ്ങളിലെയും ശുദ്ധവായൂ സംരക്ഷണ ഓര്‍ഡിനന്‍സിലാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കൃഷിപാടങ്ങളിലെ കറ്റ കത്തിച്ചു കളയുന്നത് തടയാനുള്ള നിയമ വ്യവസ്ഥയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കുന്ന കാര്യത്തിലാണ് ചര്‍ച്ചയില്‍ ധാരണയായത്. ഇതോടെ ദല്‍ഹി അടക്കമുള്ള നഗരങ്ങളിലെ പുകശല്യം വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ദുരിതമയമാകുമെന്നുറപ്പായി.
വൈദ്യുതി നിയമത്തില്‍ പരിഷ്ക്കരണം കൊണ്ടുവന്നാല്‍ വലിയ നഷ്ടമുണ്ടാവുമെന്ന ആശങ്ക കര്‍ഷക യൂണിയനുകള്‍ പങ്കുവെച്ചിരുന്നു. ജലസേചനത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷര്‍ക്ക് നല്കുന്ന വൈദ്യുത സബ്സിഡി തുടരണമെന്ന് കര്‍ഷക യൂണിയനുകള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും സമാന നിലപാടാണുള്ളത്, കേന്ദ്രകൃഷിമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്നു കര്‍ഷക ബില്ലുകളും പിന്‍വലിക്കണമെന്നാണ് കര്‍ഷക യൂണിയനുകളുടെ ആവശ്യം. കുറഞ്ഞ താങ്ങുവില സംവിധാനത്തിന് നിയമനിര്‍മ്മാണം വേണമെന്നതും പ്രധാന ആവശ്യമാണ്. ആരോഗ്യകരമായ അന്തരീക്ഷത്തിലാണ് ഇന്നലെ ചര്‍ച്ചകള്‍ നടന്നത്. തുടര്‍ ചര്‍ച്ചകള്‍ അടുത്ത ആഴ്ച നടക്കുമ്പോള്‍ മറ്റു രണ്ടാവശ്യങ്ങളിന്മേലും സമവായമുണ്ടായേക്കും. ഇന്നലെ കേന്ദ്രമന്ത്രിമാരും കര്‍ഷക പ്രതിനിധികളും ഉച്ചഭക്ഷണം ഒരുമിച്ചുണ്ടതും ശ്രദ്ധേയമായി. സമരവേദിയിലെ സമൂഹ അടുക്കളയായ ലങ്കൂറില് നിന്നെത്തിച്ച ഭക്ഷണമാണ് സമരക്കാരും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും ഒരുമിച്ച് ഭക്ഷിച്ചത്.
പുതിയ കര്‍ഷ നിയമങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് സമിതി രൂപീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ കര്‍ഷക സംഘടനകളെ അറിയിച്ചു. നിയമം പിന്‍വലിക്കണമെന്ന ആവശ്യം യാതൊരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ചു. കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് ചര്‍ച്ച നടത്തിയാല്‍ ഫലമുണ്ടാകുമെന്ന് ശിരോമണി അകാലിദളും കോണ്‍ഗ്രസും ഇന്നലെ കര്‍ഷക സംഘടനകളോട് വ്യക്തമാക്കി. സമരത്തിനിടെ മരിച്ചവര്‍ക്ക് നഷ്ടപരിഹാരം വേണമെന്ന് കര്‍ഷക സംഘടനകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: